ബിജെപിയില്‍ ചേരാനൊരുങ്ങുന്ന പത്മജ വേണുഗോപാലിന് എതിരെ രൂക്ഷമായി ആഞ്ഞടിച്ച് കെ മുരളീധരന്‍. കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിട്ടുവെന്നും തിരഞ്ഞെടുപ്പില്‍ കാലുവാരി എന്നുമുളള പത്മജയുടെ ആരോപണം മുരളീധരന്‍ തളളി. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാക്കാലത്തും പത്മജയ്ക്ക് മുന്തിയ പരിഗണന ആണ് നല്‍കിയിട്ടുളളത് എന്ന് കെ മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളിലാണ് പത്മജയ്ക്ക് അവസരം നല്‍കിയിട്ടുളളത്. എന്നിട്ടും മൂന്ന് തവണയും പരാജയപ്പെട്ടു. അങ്ങനെ ആരെങ്കിലും കാലുവാരിയാല്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന് മുരളീധരന്‍ ചോദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലും വിജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കഠിനപരിശ്രമം നടത്തുമ്പോഴാണ് പത്മജയുടെ ഈ നീക്കമെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
‘ഇത്രയൊക്കെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്. തനിക്ക് ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ട് പോകേണ്ടി വന്നപ്പോള്‍, എല്‍ഡിഎഫിലും യുഡിഎഫിലും എടുക്കാതിരുന്നിട്ടും ബിജെപിയിലേക്ക് പോയിട്ടില്ല. അവസരം ഉണ്ടായിട്ടും പോയില്ല. കെ കരുണാകരന്‍ വര്‍ഗീയതയോട് സന്ധി ചെയ്യാത്ത ആളാണ്. അങ്ങനെയുളള കെ കരുണാകരന്റെ കുടുംബത്തില്‍ നിന്ന് ഒരാളെ ബിജെപിക്ക് കിട്ടുന്നത് മതേതര വിശ്വാസികള്‍ക്ക് ദുഖം നല്‍കുന്നതാണ്. അതുകൊണ്ടൊന്നും ഞങ്ങള്‍ തളരില്ല, പോരാട്ടം തുടരും’, കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘പത്മജയെ എടുത്തത് കൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. എല്ലായിടത്തും ഞങ്ങള്‍ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തളളും. ഒന്നാം സ്ഥാനം പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ പോലും മൂന്നാം സ്ഥാനത്ത് എത്തും. ഈ ചതിക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെ തന്നെ പകരം ചോദിക്കും. ബിജെപിയിലേക്ക് പോകുമെന്നുളള സൂചന പോലും പത്മജ തനിക്ക് തന്നിരുന്നില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പറയാറുണ്ട്’. ബിജെപിയിലേക്ക് പോകില്ലെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നും എന്നും കെ മുരളീധരന്‍ പറഞ്ഞു.
‘പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ വരും പോകും. കെ കരുണാകരനെ ചിതയിലേക്ക് എടുക്കുമ്പോള്‍ അദ്ദേഹത്തെ പുതപ്പിച്ച പാര്‍ട്ടിയുടെ പതാക തങ്ങള്‍ക്കൊക്കെ അവകാശപ്പെട്ടതാണ്. ചിലത് കിട്ടിയില്ലെങ്കില്‍ കിട്ടിയതിന്റെ കണക്ക് ഓര്‍ക്കണം. പത്മജയുമായി ഇനി ഒരു തരത്തിലും ഉളള ബന്ധവും ഇല്ല. വര്‍ക്ക് അറ്റ് ഹോം നേതാക്കള്‍ക്ക് ഇത്രയൊക്കെ സ്ഥാനം പാര്‍ട്ടിയില്‍ കൊടുത്താല്‍ പോരെ’ എന്നും മുരളീധരന്‍ ചോദിച്ചു. പത്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്‌തോ എന്ന് അറിയില്ലെന്നും ഇഡിയും കെഡിയും ഒന്നും തങ്ങളുടെ അടുത്ത് വരില്ലെന്നും അതിനെ പേടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
വടകരയിലെ വോട്ടര്‍മാര്‍ക്ക് തന്നെ അറിയാം. അതുകൊണ്ട് തന്നെ ഈ പരിപ്പൊന്നും അവിടെ വേവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ കക്ഷിയുടെ കൂടെ പോയത് കൊണ്ട് അച്ഛന്റെ ആത്മാവ് പൊറുക്കില്ല. ഇനി സഹോദരിയെന്ന ബന്ധവും ഇല്ല. പാര്‍ട്ടിയെ ചതിച്ചവരുമായി ഒരു കോംപ്രമൈസിനും ഇല്ല. കരുണാകരന്‍ അന്ത്യവിശ്രമം കൊളളുന്ന സ്ഥലത്ത് സംഘികളെ നിരങ്ങാന്‍ സമ്മതിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.