സംഗീത സംവിധായകനും നാടക പ്രവര്‍ത്തകനുമായ മലബാര്‍ മനോഹരന്‍ അന്തരിച്ചു

0
73

എരമംഗലം: പ്രശസ്ത സംഗീത സംവിധായകനും നാടകപ്രവര്‍ത്തകനുമായ പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ അന്തരിച്ചു. 71 വയസായിരുന്നു.  ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയായിരുന്നു മരണം.

ദേശീയ അവാര്‍ഡ് ജേതാവ് കെആര്‍. മോഹനന്റെ സംവിധാനത്തിൽ ശ്രീനിവാസന്‍ അഭിനയിച്ച സ്വരൂപം, കണ്ണന്‍ സൂരജ് സംവിധാനം ചെയ്ത യാനം മഹായാനം, പുരുഷാര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വഹിച്ചത് ഇദ്ദേഹമാണ്.

കോഴിക്കോട് കലാനിലയം രക്തരക്ഷസ്സ് എന്ന നാടകത്തില്‍ ആദ്യമായി പാടിയതോടെയാണ് കേരളത്തിലെ നാടകഗാനങ്ങളുടെ ഗായകനും രചയിതാവുമായി ഇദ്ദേഹത്തെ അറിയാൻ തുടങ്ങിയത്. കെ.ടി. മുഹമ്മദിന്റെ സംഗമം തിയേറ്റേഴ്സിന്റെ കൂടെയാണ് നാടകരംഗത്ത് മലബാര്‍ മനോഹരന്‍ എത്തിയത്.

സാക്ഷാത്കാരം, ഗോപുരനടയില്‍ തുടങ്ങിയ നാടകങ്ങളിലൂടെ സംഗീതസംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. ടി.ജി. രവി, എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നൂറിലേറെ നാടകങ്ങള്‍ക്ക് സംഗീതസംവിധാനവും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ വിക്രമന്‍ നായര്‍ സംവിധാനംചെയ്ത ഭാഗ്യരേഖ എന്ന നാടകത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചതിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് മലബാര്‍ മനോഹരന് ലഭിച്ചിരുന്നു.  കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും പ്രഥമ ടിയാര്‍സി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here