കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തി മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍. മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് കൂടിയായ ജോണി നെല്ലൂര്‍ പാര്‍ട്ടി അധ്യക്ഷന്‍ ജോസ് കെ മാണിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ജോണി നെല്ലൂരിന്റെ തിരിച്ച് വരവ് പാര്‍ട്ടിക്ക് കരുത്താകുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
”ജോണി നെല്ലൂര്‍ യുഡിഎഫിന്റെ സെക്രട്ടറി ആയിരുന്നു, എംഎല്‍എ ആയിരുന്നു. അദ്ദേഹം കേരള കോണ്‍ഗ്രസ് തറവാട്ടിലേക്ക് തിരിച്ച് വരുന്നു. അദ്ദേഹത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. യുഡിഎഫിന്റെ വലിയ പദവി വഹിച്ച വ്യക്തി കേരള കോണ്‍ഗ്രസിലേക്ക് തിരിച്ച് വരുമ്പോള്‍ അത് പാര്‍ട്ടിക്ക് വലിയൊരു കരുത്ത് നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹം ഇടതുപക്ഷത്തിന്റെ ഭാഗമാകും എന്നത് വലിയ സന്ദേശമാണ് ജോസഫ് ഗ്രൂപ്പിനും ജനത്തിനും കൊടുക്കുന്നത്”, ജോസ് കെ മാണി പറഞ്ഞു. ജോണി നെല്ലൂരിന് ഉചിതമായ പദവി നല്‍കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.