ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് കാരണം നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. ഇതുവരെ ഏഴ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 184 വിമാനങ്ങൾ വൈകുകയും ചെയ്തു. ഡൽഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയോടുന്നതിനാൽ ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
” ഡൽഹി എയർപോർട്ടിൽ ലാൻഡിംഗുകളും ടേക്ക് ഓഫുകളും തുടരുമ്പോൾ CAT III പാലിക്കാത്ത വിമാനങ്ങളെ ബാധിച്ചേക്കാം. അപ്ഡേറ്റ് ചെയ്ത ഫ്ലൈറ്റ് വിവരങ്ങക്കായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു,” ഡൽഹി എയർപോർട്ട് പറഞ്ഞു.
കുറഞ്ഞ ദൃശ്യപരത കാരണം ഫ്ലൈറ്റുകളെ ബാധിച്ചേക്കാമെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർ അവരുട ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഡൽഹിയിൽ രാവിലെ 9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും വീണ്ടും മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ ഇടതൂർന്ന മഞ്ഞും പിന്നീട് പകൽ മേഘാവൃതവുമായ ആകാശവും വൈകുന്നേരമോ രാത്രിയോ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( ഐഎംഡി ) പ്രവചിച്ചിരുന്നു.