സാങ്കേതികവിദ്യയുടെ പുരോഗതികൾ ലോകത്തെയും മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. നിർമിതബുദ്ധി മനുഷ്യ വംശത്തിന് ഭീഷണി വിതയ്ക്കും എന്ന വാദം ശക്തമായി നിലനിൽക്കുന്നതിനിടെ മനുഷ്യന്റെ ചിന്തകൾ മനസിലാക്കിയെടുക്കുന്ന തലത്തിലേക്ക സാങ്കേതിക വളർന്നിരിക്കുകയാണ്. ലോകത്ത് ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ വിജയകരമായി ചിപ്പ് ഘടിപ്പിച്ചിരിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിയായ ന്യൂറാലിങ്ക്.
ഒരു രോഗിയിൽ ബ്രെയിൻ ചിപ്പ് സ്ഥാപിച്ചെന്നും അദ്ദേഹം സുഖംപ്രാപിച്ചുവരുകയാണെന്നും ആദ്യ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും പരീക്ഷണശേഷം ഇലോൺ മസ്‌ക് സാമൂഹികമാധ്യമമായ എക്സ് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്. ടെലിപ്പതിയെന്നാണ് ചിപ്പിന് മസ്ക് നൽകിയ പേര്. ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗത്ത് റോബോട്ടിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തി നേർത്തനാരുകളുപയോഗിച്ച് നിർമിച്ച ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്.
മൃഗങ്ങളിലെ പരീക്ഷണത്തിനു ശേഷം കഴിഞ്ഞവർഷം മേയിലാണ് മനുഷ്യരിൽ ചിപ് പരീക്ഷിക്കാൻ ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്കിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയത്. അന്വേഷണാത്മകമായ ഈ പരീക്ഷണത്തെ പ്രൈം (PRIME-പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ്) എന്നാണ് വിളിക്കുന്നത്. മനുഷ്യന്റെ തലച്ചോറുമായി നേരിട്ട് ആശയവിനിമയം സ്ഥാപിക്കുകയാണ് ‘ന്യൂറാലിങ്ക് ചിപ്പു’കളുടെ ലക്ഷ്യം.
റോബട്ടിക് സർജറിയിലൂടെ തലച്ചോറിൽ സ്ഥാപിക്കുന്ന ചിപ്, നാഡീവ്യൂഹവുമായി ബന്ധപ്പെടുന്നു. തലച്ചോറിൽനിന്നുള്ള ന്യൂറോൺ സിഗ്‌നലുകൾ ചിപ് പിടിച്ചെടുത്ത് വയർലെസായി തൊട്ടടുത്തുള്ള കംപ്യൂട്ടറിലെയോ മൊബൈലിലെയോ ആപ്പിലെത്തുന്നതാണ് പരീക്ഷണം. മുടിനാരിഴയേക്കാൾ നേർത്ത 64 ചെറുനാരുകളാണ് ചിപ്പിലുള്ളത്. ഇതിലെ 1024 ഇലക്ട്രോഡുകളാണ് വിവരങ്ങൾ ഒപ്പിയെടുക്കുന്നത്. വയർലെസായി ചാർജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്.
ബ്രെയിൻ ഇംപ്ലാന്റിനായുള്ള ക്ലിനിക്കൽ ട്രയലിൽ അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലിറോസിസ് കാരണം തളർവാതം ബാധിച്ച രോഗികളും ഉൾപ്പെടാം. അൽഹൈമേഴ്സ്, പാർക്കിൻസൺ രോഗികൾക്കും ചിപ്പ് ഭാവിയിൽ ഉപകാരപ്പെട്ടേക്കാം. മസ്ക് 2016-ൽ സ്ഥാപിച്ച ന്യൂറോ ടെക്‌നോളജി കമ്പനിയാണ് ന്യൂറാലിങ്ക്. പദ്ധതിയുമായി സഹകരിച്ച് തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാൻ തയാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു. തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്നതിനായി എത്ര രോഗികളെ എൻറോൾ ചെയ്യുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ന്യൂറാലിങ്കിന്റെ ബ്രെയിൻചിപ്പ് ഘടിപ്പിച്ച കുരങ്ങന്മാർ വെർച്വൽ കീബോർഡുപയോഗിച്ച് ടെലിപ്പതിക് ടൈപ്പിങ് നടത്തുന്ന ദൃശ്യങ്ങൾ മസ്‌ക് പുറത്തുവിട്ടിരുന്നു. ബ്രെയിൻ ചിപ്പ് കുരങ്ങൻമാരിൽ പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് ന്യൂറാലിങ്കിനെതിരെ യു.എസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്തുവന്നിരുന്നു. ചിപ്പുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ കുരങ്ങുകളെ അങ്ങേയറ്റം പീഡിപ്പിക്കുന്നതായി സംഘടന പറഞ്ഞിരുന്നു.