ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വെയ്റ്റ്ലിഫിറ്റിങ് താരം പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പു ‘റോഡ്’ കഴുത്തിൽ വീണുമരിച്ചു. രാജസ്ഥാനിലെ ബികാനിറിലുള്ള ജിമ്മിൽ പരിശീലിക്കുന്നതിനിടെ 17 വയസുകാരിയായ യാഷ്തിക ആചാര്യയാണ് മരിച്ചത്. യാഷ്തികയുടെ കഴുത്ത് ഒടിഞ്ഞതായി പൊലീസ് പറഞ്ഞു.
താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്. അടുത്തു തന്നെ പരിശീലകനും നിൽക്കുന്നുണ്ടെങ്കിലും ഭാരം താങ്ങാനാകാതെ ഇരുവരും താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ പരിശീലകനും പരിക്കേറ്റു. യാഷ്തികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.കുടുംബം പരാതി നൽകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്ക്വാറ്റ്, ബെഞ്ച് പ്രസ്സ്, ഡെഡ്‌ലിഫ്റ്റ് എന്നിങ്ങനെ മൂന്ന് ലിഫ്റ്റുകളിൽ പരമാവധി ഭാരമുള്ള മൂന്ന് ശ്രമങ്ങൾ അടങ്ങുന്ന ഒരു സ്‌ട്രോംഗ് സ്‌പോർട്‌സാണ് പവർലിഫ്റ്റിംഗ്.