ഛത്തീസ്ഗഢ് അതിർത്തിയിലെ തെക്കൽഗുഡെം ഗ്രാമത്തിൽ ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബീജാപൂർ, സുക്മ ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നക്‌സൽ പ്രവർത്തനങ്ങൾ തടയാൻ സുരക്ഷാസേന പ്രദേശത്ത് ക്യാമ്പ് ചെയ്‌തിരുന്നു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണത്തിൽ നിശ്ചയമില്ലെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
സിആർപിഎഫിൻ്റെ കോബ്ര, ജില്ലാ റിസർവ് ഗ്രൂപ്പുകൾ (ഡിആർജികൾ), പ്രത്യേക ടാസ്‌ക് ഫോഴ്‌സ് എന്നിവരടങ്ങുന്ന സേന ജോനഗുഡ-അലിഗുഡ മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവയ്പിൽ മൂന്ന് ജവാന്മാർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാസേന തിരിച്ചടിച്ചതോടെ മാവോയിസ്റ്റുകൾ വനത്തിലേക്ക് തിരിച്ചുപോയതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ വനത്തിനുള്ളിൽ നിന്ന് പുറത്തെടുക്കാൻ ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.