പി സി ജോർജും മകനും ബിജെപിയിലേക്ക്;

0
70

ജനപക്ഷം സെക്കുലര്‍ അധ്യക്ഷന്‍ പി സി ജോര്‍ജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകന്‍ ഷോണ്‍ ജോര്‍ജും(Shone George) പാര്‍ട്ടി നേതാക്കളും അടക്കമുള്ളവര്‍ അംഗത്വം സ്വീകരിക്കുന്നതില്‍ അവസാന വട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ഇന്നലെ ഡല്‍ഹിയിലെത്തിയ പി സി ജോര്‍ജ് വിവിധ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ ഇന്നത്തേക്ക് നീളുകയായിരുന്നു. ഇന്ന് വൈകിട്ടോടെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പി സി ജോര്‍ജ് അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയില്‍ വെച്ച് ഇവര്‍ അംഗത്വമെടുത്തേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ പുതിയ സാഹചര്യത്തില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്താനാണ് സാധ്യത. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി സ്ഥാനാര്‍ഥിയാവുകയായിരുന്നു ജോര്‍ജിന്റെ ലക്ഷ്യം. എന്നാല്‍ ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രത്തോട് അറിയിക്കുകയായിരുന്നു. ഇതോടെയാണ് പാര്‍ട്ടി അംഗത്വം എടുത്താല്‍  സഹകരിപ്പിക്കാം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത്. നേരത്തെ എല്‍ഡിഎഫും യുഡിഎഫും കൈവെടിഞ്ഞതോടെ ഏറെ നാളായി ബിജെപിയോട് അടുപ്പം പുലര്‍ത്തിയായിരുന്നു പിസി ജോര്‍ജിന്റെ നീക്കങ്ങള്‍.

ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നും അതേസമയം ലോക്‌സഭ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയൊന്നുമില്ലെന്നുമാണ് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ജനപക്ഷം ബിജെപിയില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി പറഞ്ഞു. ലോക്‌സഭ തിരഞ്ഞടുപ്പില്‍ പത്തനംതിട്ടയില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വാശികളൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ബന്ധമില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിര്‍ദേശമെങ്കില്‍ നില്‍ക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here