വിലയിടിഞ്ഞ് കറുത്ത പൊന്ന്; കര്‍ഷകര്‍ ആശങ്കയില്‍.

0
63

ട്ടപ്പന: വിളവെടുപ്പ് സീസണില്‍ കുരുമുളകിന്റെ വില കുത്തനെ ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. രണ്ടു മാസത്തിനിടെ കിലോക്ക് 50 രൂപയുടെ ഇടിവാണ് ഉണ്ടായത്.

കൊച്ചി മാർക്കറ്റില്‍ തിങ്കളാഴ്ച കുരുമുളക് വില കിലോക്ക് 562 രൂപയിലാണ് അവസാനിച്ചത്.

കേരളത്തിലെ വിപണിയുടെ പ്രധാന കേന്ദ്രമായ കട്ടപ്പന മാർക്കറ്റില്‍ ഒരുകിലോ കുരുമുളകിന് 560 മുതല്‍ 562 രൂപ വരെ മാത്രമാണ് വില ഉണ്ടായിരുന്നത്. സീസണ്‍ സമയത്തുണ്ടായ വിലക്കുറവ് കർഷകസ്വപ്നങ്ങള്‍ ഇല്ലാതാക്കുകയാണ്. 2014ല്‍ കിലോഗ്രാമിന് 710 രൂപയുണ്ടായിരുന്നു.

2015 മുതല്‍ കുരുമുളകിന്റെ വില പടിപടിയായി കുറയുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വില കിലോഗ്രാമിന് 630 രൂപയില്‍നിന്ന് താഴ്ന്ന് വീണ്ടും 560 രൂപയിലേക്ക് എത്തി. 2015 ജൂലൈയില്‍ കിലോഗ്രാമിന് 640 രൂപയായിരുന്നു വില. 2016 ഒക്ടോബറില്‍ വില 681 രൂപയായി ഉയർന്നെങ്കിലും 2017 ജനുവരിയില്‍ വില 654ലേക്ക് താഴ്ന്നു. പിന്നീടങ്ങോട്ട് കുരുമുളക് വില കുത്തനെ ഇടിയുകയായിരുന്നു.

മെച്ചപ്പെട്ട വില പ്രതീക്ഷിച്ച്‌ കാത്തിരുന്ന കർഷകരാകെ ഇപ്പോള്‍ കടക്കെണിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ കേരളത്തിലടക്കം ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇറക്കുമതി വർധിച്ചതാണ് വിലത്തകർച്ചക്ക് പ്രധാനമായും വഴിയൊരുക്കിയത്. ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് വിപണിയില്‍ വില കുറച്ച്‌ ലഭ്യമായതോടെയാണ് ഇന്ത്യൻ കുരുമുളകിന്റെ ശനിദശ തുടങ്ങിയത്.

കാലാവസ്ഥ വ്യതിയാനവും മഴക്കുറവുമെല്ലാം കഴിഞ്ഞ സീസണില്‍ ഉല്‍പാദനത്തെ കാര്യമായി ബാധിച്ചതിനാല്‍ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇതിനെ മറികടക്കാൻ ഇറക്കുമതി വർധിപ്പിച്ചതാണ് വിപണിക്ക് കനത്ത ആഘാതമായത്.

വിയറ്റ്‌നാമില്‍നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളക് വിപണിയെ സാരമായി ബാധിച്ചത്. വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേക്ക് കൊളംബോ വഴി ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here