പെൻഷൻ മുടങ്ങി; കിടപ്പുരോഗിയായ മകളെ തനിച്ചാക്കി ഭിന്നശേഷിക്കാരനായ അച്ചൻ ജീവനൊടുക്കി.

0
68

കോഴിക്കോട്: മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ 77 കാരനായ ഭിന്നശേഷിക്കാരൻ കിടപ്പുരോഗിയായ മകളെ തനിച്ചാക്കി ജീവനൊടുക്കി.
പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുകാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കിയതിനുപിന്നാലെയാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് സ്വദേശി വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍ മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജോസഫിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് മാസമായി വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ലായെന്നാണ് വിവരം. വടി കുത്തിപ്പിടിച്ച് സര്‍ക്കാര്‍ ഓഫീസ് കയറി ഇറങ്ങി മടുത്തെന്നും ജീവിക്കാന്‍ കടം വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും കത്തില്‍ പറഞ്ഞിരുന്നു. പെരുവണ്ണാമൂഴി പൊലീസിനും കത്ത് കൈമാറിയിരുന്നു. കോഴിക്കോട് കളക്ടര്‍ക്ക് കത്ത് നല്‍കാനിരിക്കുകയായിരുന്നു. കിടപ്പുരോഗിയായ 47കാരിയായ മകള്‍ക്കും പക്ഷാഘാതത്തിന്റെ അവശതകൾ അനുഭവിക്കുന്ന ജോസഫിനും പെന്‍ഷന്‍ തുകമാത്രമായിരുന്നു ആകെയുള്ള ആശ്രയം.

ജോസഫിന് മൂന്ന് പെൺമക്കളാണുള്ളത്. രണ്ട് പേർ വിവാഹിതരാണ്. ഭിന്നശേഷിക്കാരിയായ മൂത്തമകൾ കിടപ്പിലാണ്. വർഷങ്ങൾക്ക് മുൻപുണ്ടായ പക്ഷാഘാതമാണ് ജോസഫിനെ തളർത്തിയത്. ഭാര്യ മരിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ അഭയകേന്ദ്രത്തിലേക്ക് മകളെ ജോസഫ് മാറ്റിയിരുന്നതായും അയൽവാസികൾ പറയുന്നു.
മകളുടെ വികലാംഗ പെൻഷൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു അവസാനമായി ലഭിച്ചത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്വന്തം പെൻഷനും ജോസഫിന് കിട്ടിയിരുന്നില്ലെന്ന് അയൽവാസി ജയ്സൺ  പറ‍ഞ്ഞു. പെൻഷൻ മുടങ്ങിയത് വഴിയുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ജോസഫ് ജീവനൊടുക്കിയതെന്ന് രണ്ടാമത്തെ മകൾ ആൻസി പറഞ്ഞു.

എന്നാല്‍, ആത്മഹത്യയുടെ കാരണം പെന്‍ഷന്‍ കിട്ടാത്തതിനാലാണെന്ന് പറയാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ജോസഫിന്റെ മരണം പെന്‍ഷന്‍ കിട്ടാത്തതിനാല്‍ അല്ലയെന്നും ജോസഫ് നേരത്തേയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന ആളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പ്രതികരിച്ചു. പെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ട യാതൊരുകാര്യവുമില്ല. 15 വര്‍ഷമായി തുടര്‍ച്ചയായി പലആവശ്യങ്ങളും ഉന്നയിച്ച് ഇദ്ദേഹം കളക്ടര്‍ക്കുള്‍പ്പെടെ കത്ത് നല്‍കാറുണ്ട്.

പി ബി സലീം കളക്ടര്‍ ആയിരുന്ന കാലത്ത് ഭൂമിക്ക് പട്ടയം കിട്ടാത്തതിനാല്‍ കളക്ട്രേറ്റിന് മുമ്പില്‍ മണ്ണെണ്ണയുമായി ആത്മഹത്യാഭീഷണി മുഴക്കിയ ആളാണ് ജോസഫെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതിദരിദ്രരുടെ പട്ടികയില്‍പ്പെട്ട ജോസഫിന് ഭക്ഷ്യസാധനങ്ങള്‍ സൗജന്യമായി ലഭിക്കും. മറ്റ് സേവനങ്ങള്‍ക്കും പണം നല്‍കേണ്ട. ദൈനംദിന ജീവിതം നയിക്കാനുള്ള ശേഷിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 99 തൊഴില്‍ ദിനമുള്ള ആളാണ് അദ്ദേഹം. 77 തൊഴില്‍ ദിനങ്ങളുടെ കൂലി ജോസഫിന് ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അദ്ദേഹത്തിന്റെ ഒപ്പം താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ മകളെ വീട്ടില്‍നിന്നും ആശ്വാസകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായും സുനില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here