ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് മരണാനന്തര രാജ്യത്തിൻ്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പ്രഖ്യാപനം നടത്തിയത്. മരണത്തിന് ശേഷം 35 വർഷങ്ങൾക്ക് ശേഷമാണ് കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന ലഭിക്കുന്നത്.
പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കർപ്പൂരി ഠാക്കൂറിൻ്റെ ജന്മശതാബ്ദി ദിനമായ ജനുവരി 24നോട് അനുബന്ധിച്ചാണ് രാഷ്ട്രപ്തിയുടെ ഓഫീസിൽ നിന്ന് പ്രഖ്യാപനം എത്തിയത്.
ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിൽ കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നൽകാൻ തീരുമാനിച്ചതിൽ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അഭിമാനകരമായ അംഗീകാരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.അധഃസ്ഥിതരുടെ ഉന്നമനത്തിനായി ദീർഘവീക്ഷണത്തോടെ അദ്ദേഹം നടത്തിയ പ്രവർത്തങ്ങൾ രാജ്യത്തിൻ്റെ സാമൂഹിക – രാഷ്ട്രീയ ഘടനയിൽ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന് നൽകിയ പുരസ്കാരം നീതിയും സമത്വവുമടങ്ങിയ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി അദ്ദേഹം തുടങ്ങിവെച്ച ദൗത്യം തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.1970 ഡിസംബർ മുതൽ 1971 ജൂൺ വരെയും 1977 ജൂൺ മുതൽ 1979 ഏപ്രിൽ വരെയും ബിഹാർ മുഖ്യമന്ത്രിയായിരുന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു ഠാക്കൂർ. അന്ന് ഒബിസി വിഭാഗക്കാർക്കായുള്ള മുംഗേരി ലാൽ കമ്മീഷൻ നിർദേശങ്ങൾ ഇദ്ദേഹത്തിൻ്റെ സർക്കാർ നടപ്പാക്കിയിരുന്നു. സർക്കാർ ജോലികളിൽ ഒബിസി വിഭാഗത്തിൽ നിന്നുള്ളവർക്ക് സംവരണം നൽകണമെന്നായിരുന്നു കമ്മീഷൻ്റെ നിർദേശം.
ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു കർപ്പൂരി ഠാക്കൂർ. ഐ എസ് എഫിലൂടെ വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തിയത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹം 26 മാസക്കാലം ജയിലിലായിരുന്നു.