റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, 80 കിലോമീറ്റർ ആഴത്തിൽ ആഘാതമുണ്ടാക്കി. കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ് പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ഡൽഹി-എൻസിആർ മേഖലയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും കിർഗിസ്ഥാൻ-സിൻജിയാങ് അതിർത്തിയിൽ ചില വീടുകൾ തകർന്നതായും അധികൃതർ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് സിൻജിയാങ് റെയിൽവേ വകുപ്പ് എല്ലാ പ്രവർത്തനങ്ങളും 27 ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചു.ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങിൽ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോർട്ട്.
ഇതിന്റെ പ്രകമ്പനം ഡൽഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനീസ് മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ പ്രഭവകേന്ദ്രമായ വുഷി കൗണ്ടിക്ക് സമീപം റിക്ടർ സ്കെയിലിൽ 3.0 ഉം അതിനുമുകളിലും തീവ്രതയുള്ള 14 തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഭവകേന്ദ്രത്തിൽ നിന്ന് 17 കിലോമീറ്റർ അകലെ 5.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.