തിരുവനന്തപുരം: റെയിൽവേ ടൈംടേബിളിലെ സമയം പാലിക്കാൻ തീവണ്ടികൾ നിർത്തിയിടുന്നത് ഒഴിവാക്കാൻ നടപടിയാവുന്നു. ജൂൺ ഒന്നിനുചേരുന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ഉന്നതലയോഗത്തിൽ സമയ പുനഃക്രമീകരണത്തിൽ തീരുമാനമുണ്ടാകും.
റെയിൽവേ സ്റ്റേഷനുകളിൽ പാസഞ്ചർ അമിനിറ്റി കമ്മിറ്റി (പി.എ.സി.) നടത്തിയ പരിശോധനയിൽ യാത്രക്കാർ ഉന്നയിച്ച പ്രധാന പരാതികളിലൊന്ന് സമയനഷ്ടത്തെപ്പറ്റിയായിരുന്നു.
കേരളത്തിൽ പാതയിരട്ടിപ്പും പാളങ്ങളുടെ ബലപ്പെടുത്തലും പൂർത്തിയാകുന്നതോടെ ടൈംടേബിളിലെ സമയത്തിനുമുമ്പേ തീവണ്ടി സ്റ്റേഷനുകളിലെത്തും. ഈ സാഹചര്യത്തിലാണ് സമയ പുനഃക്രമീകരണം പരിഗണിച്ചത്. ടൈംടേബിളിലെ സമയം പാലിക്കാനായി നേരത്തേ എത്തിയാലും അടുത്ത സ്റ്റേഷനുകളിൽ വണ്ടികൾ പിടിച്ചിടുന്നത് ഒഴിവാക്കാനാണിത്. നാഗർകോവിലിൽനിന്ന് മംഗളൂരുവരെയുള്ള പരശുറാം എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറോളമാണ് ഇപ്പോൾ നിർത്തിയിടാറുള്ളത്.
എക്സ്പ്രസുകളുടെ യാത്രയ്ക്കായി പാസഞ്ചറുകൾ പിടിച്ചിടുന്നതിനെപ്പറ്റിയായിരുന്നു യാത്രക്കാരുടെ മറ്റൊരു പരാതി. ഇതിന് പൂർണപരിഹാരമുണ്ടാകില്ലെങ്കിലും ബുദ്ധിമുട്ട് കുറയ്ക്കാനുള്ള മാർഗം യോഗം ചർച്ചചെയ്യും. പരാതികൾ തീർക്കാനുള്ള ശുപാർശകൾ യോഗം ചർച്ചചെയ്യുമെന്ന് പി.എ.സി. ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
25 അംഗ പാസഞ്ചർ അമിനിറ്റി കമ്മിറ്റി നാലു സംഘങ്ങളായാണ് രാജ്യത്തെ 350 റെയിൽവേ സ്റ്റേഷനുകൾ പരിശോധിച്ചത്. തീവണ്ടികളിലെ ശുചിത്വം, ജലലഭ്യത തുടങ്ങിയവ ഉറപ്പാക്കാൻ ഓരോ ജങ്ഷനുകളിലും സൂപ്പർവൈസറുടെ പരിശോധനയുണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു.