ഭാരത് പേയുടെ മുൻ മാനേജിംഗ് ഡയറക്ടറുംമായ അഷ്‌നീർ ഗ്രോവറിന് രണ്ട് ലക്ഷം രൂപ പിഴ

0
74

ഭാരത് പേയ്‌ക്കെതിരായ  സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ ഭാരത് പേയുടെ മുൻ മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനുമായ അഷ്‌നീർ ഗ്രോവറിന്  രണ്ട് ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. അഷ്‌നീർ ഗ്രോവറിന്റെ പെരുമാറ്റം ഞെട്ടിക്കുന്നതാണെന്നും ഉത്തരവുകൾ ലംഘിച്ചതിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയതായും കോടതി പറഞ്ഞു. ഭാരത്‌പേയ്‌ക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് അഷ്‌നീർ ഗ്രോവർ ഡൽഹി ഹൈക്കോടതിയിൽ ക്ഷമാപണം   നടത്തിയിരുന്നു. ഭാരത്‌പേയുമായി ബന്ധപ്പെട്ട  വിശദാംശങ്ങൾ ഗ്രോവർ അ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഭാരത്‌പേയുടെ മാതൃസ്ഥാപനമായ റെസിലിന്റ് ഇന്നൊവേഷൻസാണ് ഡൽഹി ഹൈക്കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തത്.  അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നത് തടയാൻ നിരോധനം ആവശ്യപ്പെടുകയും ചെയ്തു.

ജോലിയുമായി ബന്ധപ്പെട്ട കരാറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ലംഘിക്കുന്ന തരത്തിലാണ് ഗ്രോവറിന്റെ പ്രവൃത്തികളെന്നും കമ്പനിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത് തെറ്റാണെന്നും ഭാരത്‌പേയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.ഗ്രോവറിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭാരത്‌പേ ഫയൽ ചെയ്ത സിവിൽ കേസിന് പുറമേയാണ് ഈ സമീപകാല നിയമ നടപടി. 88.67 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി കേസ് ഫയൽ ചെയ്തത്. വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് ഭാര്യ മാധുരി ജെയിനിനൊപ്പം ഗ്രോവറിനെ കഴിഞ്ഞയാഴ്ച ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം(ഇഒഡബ്ല്യു) ഇവർക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.

ഇരുവരും ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കായി ടെർമിനൽ 3ൽ എത്തിയപ്പോഴാണ് ഇഒഡബ്ല്യു ഉദ്യോഗസ്ഥരെത്തിയത്. പിന്നാലെ ലുക്ക്ഔട്ട് സർക്കുലർ ചൂണ്ടിക്കാട്ടി യാത്ര വിലക്കുകയായിരുന്നു.റിക്രൂട്ട്മെന്റ് ജോലികൾക്കുള്ള കമ്മീഷനുകൾക്കായി ഭാരത്പേയുടെ അക്കൗണ്ടിൽ നിന്ന് 81 കോടിയിലധികം രൂപ വ്യാജ ഇൻവോയ്സുകൾ ഉപയോഗിച്ച് ഗ്രോവറും ബന്ധുക്കളും ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ കേസിൽ ഗ്രോവറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വെള്ളിയാഴ്ച വരെ അന്വേഷണ ഏജൻസിയിൽ നിന്ന് തനിക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഗ്രോവർ എക്‌സിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here