ചെന്നൈ: തമിഴ‍്‍നാട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും എതിരെ ആർഎസ്എസിന്‍റെ വക്കീൽ നോട്ടീസ്. മദ്രാസ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും ഗാന്ധി ജയന്തി ദിനത്തിൽ തമിഴ‍്‍നാട്ടിൽ നടത്താൻ നിശ്ചയിച്ച റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു എന്നാരോപിച്ചാണ് നോട്ടീസ് നൽകിയത്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചിരുന്നു.
ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചെങ്കിലും തിരുവള്ളൂർ ജില്ലാ പൊലീസ് മേധാവി പരിപാടിക്ക് അനുമതി നിഷേധിച്ചു എന്നാണ് ആർഎസ്എസിന്‍റെ പരാതി. കോടതി ഉത്തരവ് പാലിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡിജിപി സി.ശൈലേന്ദ്ര ബാബു, ജില്ലാ പൊലീസ് മേധാവി, തിരുവള്ളൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചത്.