അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോ ബൈഡന്, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, എലോണ്‍ മസ്ക്, ബില്‍ ഗേറ്റ്സ് എന്നി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഡിജിറ്റല്‍ കറന്സിക്കുവേണ്ടിയുള്ള പോസ്റ്റുകളാണ് ഇവരുടെ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തത്.
“നിങ്ങൾ 1,000 ഡോളർ അയക്കൂ ഞങ്ങൾ അത് 2,000 ഡോളറായി മടക്കി നൽകാം’ എന്നാണ് പലരുടെയും ട്വിറ്റർ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട സന്ദേശം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വെരിഫൈഡ് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് ഹാക്കിംംഗ് നടന്നിട്ടുള്ളതെന്ന് ട്വിറ്റർ അധികൃതർ വ്യക്തമാക്കി. ചില വെരിഫൈഡ് അക്കൗണ്ടുകളുടെ പാസ്വേർഡ് മാറ്റാൻ സാധിക്കുന്നില്ലെന്നും പരാതികളുയർന്നിട്ടുണ്ട്. വീണ്ടും ഇത്തരം പ്രവൃത്തികൾക്ക് സാധ്യതയുണ്ടെന്നും അത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും ട്വിറ്റർ അധികൃതർ വ്യക്തമാക്കി.
വ്യവസായി എലോണ്‍ മസ്ക്കിന്റെ അക്കൗണ്ട് മൂന്നുതവണ ഹാക്ക് ചെയ്തതായാണ് റിപ്പോർട്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഹാക്കിങ്ങാണ് നടന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം. ക്രിപ്റ്റോ കറന്‍സിയെ പിന്തുണയ്ക്കുന്നവരാണ് ഹാക്കര്‍മാര്‍ എന്നാണ് പ്രാഥമിക വിവരം. എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.