ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് നാളെ അവസാനിക്കാനിരിക്കെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന കടുംപിടുത്തം തുടരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സമ്മർദ്ദത്തിലാക്കി അനുനയിപ്പിക്കാനായി സോണിയ ഗാന്ധിയുടെ വസതിയിൽ നിർണ്ണായക യോഗം ആരംഭിച്ചു. അതിനിടെ ശശി തരൂർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചു.
അധ്യക്ഷ പദവിയിലേക്ക് പ്രഥമ പരിഗണനയിലുണ്ടായിരുന്ന അശോക് ഗെലോട്ട് പങ്കെടുക്കുന്ന യോഗത്തിൽ സാന്നിധ്യമായി കെ സി വേണുഗോപാലും സോണിയയുടെ വസതിയിലെത്തിയിട്ടുണ്ട്. ഗെലോട്ടുമായുള്ള ചർച്ചക്ക് ശേഷം സോണിയ ഗാന്ധി സച്ചിൻ പൈലറ്റിനെയും കണ്ടേക്കും. ഗെലോട്ടിന് മേൽ സമ്മർദ്ദം ചെലുത്തുന്ന ഹൈക്കമാന്റ് അനുനയിപ്പിക്കാൻ ഉള്ള അവസാന ശ്രമമെന്ന നിലക്കാണ് ചർച്ച നടക്കുന്നത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇതിന് തയ്യാറായില്ലെങ്കിൽ തങ്ങൾക്ക് മറ്റൊരു സ്ഥാനാർത്ഥിയുണ്ടെന്ന് ചൂണ്ടിക്കാട്ടാനാണ് ദിഗ് വിജയ് സിങിനെ മത്സരിക്കുന്നുവെന്ന പ്രതീതി വരുത്തി അവതരിപ്പിച്ചതെന്നാണ് സൂചന. ആശയവിനിമയത്തിലുടെ മഞ്ഞുരുക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.