ഹരിയാനയിലെ നുഹിൽ പൊട്ടിപ്പുറപ്പെട്ട് ഗുരുഗ്രാമിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിച്ച വർഗീയ കലാപത്തിൽ ശാന്തത പാലിക്കണമെന്ന് അമേരിക്ക അഭ്യർത്ഥിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബ്രീഫിംഗിലാണ്, വക്താവ് മാത്യു മില്ലർ അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടികളോട് അഭ്യർത്ഥിച്ചത്.
സംഘർഷങ്ങളുമായി ബന്ധപ്പെട്ട്, ഞങ്ങൾ എല്ലായ്പ്പോഴും ശാന്തരാകുവാനും അക്രമാസക്തമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കക്ഷികളെ പ്രേരിപ്പിക്കുമെന്ന് മില്ലർ പറഞ്ഞു.
അതേസമയം സംഘർഷഭരിതമായ സാഹചര്യങ്ങൾ കാരണം നൂഹ്, ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാമിലെ മൂന്ന് സബ് ഡിവിഷനുകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഓഗസ്റ്റ് 5 വരെ നിർത്തിവച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ തീരുമാനമെന്ന് ഹരിയാന സംസ്ഥാന സർക്കാർ അറിയിച്ചു
അക്രമത്തെ തുടർന്ന് സമീപ ജില്ലകളായ ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാം എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.