ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ അംശിപ്പൊരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടെന്നാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം കുല്‍ഗാമിലെ നാഗാന്ദ്-ചിമ്മര്‍ മേഖലയിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ജയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ആറായി.