എല്ലാം തന്നിട്ട് സച്ചിസാർ പോയി’

0
93

അട്ടപ്പാടിയിൽനിന്ന് നല്ലവാർത്തകൾ മലയിറങ്ങാറില്ല. ശിശുമരണങ്ങൾ, തലച്ചുമടായുള്ള ശവയാത്രകൾ, പട്ടിണി, വരൾച്ച, കൃഷിനാശം, അഴിമതി, ഭൂമികൈയേറ്റങ്ങൾ, വേരുകളിൽനിന്ന് ചിതറിപ്പോയ ആദിമജനതയുടെ പിടച്ചിലുകൾ, ലഹരിയുടെ കൊത്ത്, മധുവിന്റെ കൊലപാതകം, സാക്ഷികളുടെ വഞ്ചന… അങ്ങനെ കെട്ട വാർത്തകളാവട്ടെ എമ്പാടുമുണ്ട്. വെയിലിൽ പൊള്ളിക്കരിഞ്ഞും മഴയിൽ പൊട്ടിയൊലിച്ചും അശാന്തമായ ഒരിടം. നല്ലതൊന്നും കേൾക്കാനില്ലാതെ നഗരമനുഷ്യർക്കിടയിൽ ആക്ഷേപപദമായി മാറി പലപ്പോഴും അട്ടപ്പാടി. അതിദാരിദ്ര്യത്തിന്റെയും അപരിഷ്കൃതത്വത്തിന്റെയും സ്ഥലനാമമായി ആ ദേശം എണ്ണപ്പെട്ടു. വയനാട്ടിലേക്കോ ഇടുക്കിയിലേക്കോ കയറിയെത്തുന്നപോലെ പൊതുകേരളം അട്ടപ്പാടിക്ക് ചെന്നില്ല. ഗോത്രമനുഷ്യരുടെ ഭൂരിപക്ഷ ഭൂമി എങ്ങനെ സ്പന്ദിക്കുന്നു എന്ന് നമ്മുടെ പൊതുലോകം തൊട്ടറിയാൻ ശ്രമിച്ചതേയില്ല. അങ്ങനെ അറിയാതെപോയ, അറിഞ്ഞവർ പറയാതെപോയ അട്ടപ്പാടിയിൽ പാട്ടിന്റെ, ആട്ടത്തിന്റെ ഒരസാധാരണ ലോകമുണ്ടായിരുന്നു. ആസാദ് കലാസംഘം എന്ന് പേരിട്ട് പഴനിസ്വാമി എന്ന പൊതുപ്രവർത്തകനായ ഇരുളയുവാവിന്റെ മുൻകൈയിൽ സജീവമായ ഒരു കൂട്ടം. പാട്ടാണ് ആ കലാസംഘത്തിന്റെ പൊരുൾ. പാട്ട് ചോറും ചോരയുമായ ഇരുളഗോത്രത്തിൽനിന്ന് ഒരു വീട്ടമ്മ ആ കലാസംഘത്തിന്റെ ഭാഗമാകുന്നു. പാട്ടിന്റെ കരുത്തിൽ അവർ അതിന്റെ നെടുംതൂണാകുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടായി കേരളത്തിലെമ്പാടും കലാസംഘത്തിനൊപ്പം അവർ സഞ്ചരിക്കുന്നു. അവരുടെ തന്നെ വാക്കുകളിൽ ”കേറാത്ത സ്റ്റേജില്ലൈ, പിടിക്കാത്ത മൈക്കില്ലൈ.”

ആത്മപ്രകാശനമായിരുന്നു അവരുടെ എല്ലാ പാട്ടുകളും. എഴുതപ്പെടാത്ത, ചിട്ടപ്പെടുത്താത്ത പാട്ടുകൾ. ഓർമയിൽനിന്ന് മാത്രം അവർ പാടി. ”പാടാൻ കേറി നിൽക്കുമ്പോ മുൻപിൽ ഓർമകൾ വരും. നാങ്കളുടെ ഊര്, എൻ അപ്പ,അമ്മ, തെരുക്കൂത്ത് കളിക്കുന്ന എന്റെ ചേട്ടൻ, കാട്ടിനുള്ളിലെ പത്ത് മുന്നൂറ് കുടിലുകൾ, മരണങ്ങൾ, മരിച്ച വീടുകളിൽ ചെന്ന് ഉറക്കെപ്പാടുന്ന ഞാൻ, എന്റെ കുഞ്ഞുന്നാൾ, ഞങ്ങൾ ഇരുളന്മാരുടെ ദൈവങ്ങൾ, അവർക്ക് വേണ്ടി പാടിയ പാട്ടുകൾ… എല്ലാമിങ്ങനെ മുൻപിൽ വരും. അപ്പോൾ ഞാൻ കണ്ണടയ്ക്കും. എന്റെ തൊണ്ടയിൽ പാട്ട് വരും. കരച്ചിലും വരും.”
നാടുമുഴുക്കെ പാടി നടന്ന ആ അമ്മയെ ഇന്ന് നാടറിയും; നഞ്ചിയമ്മ. 2020-ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് കൂടി തേടിയെത്തിയതോടെ അട്ടപ്പാടിയെന്നാൽ ഇപ്പോൾ നഞ്ചിയമ്മകൂടിയാണ്. ഒരു ദേശം ശിരസ്സുയർത്തുന്ന പാട്ടുബലം. 2020-ൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും നഞ്ചിയമ്മയ്ക്കായിരുന്നു.

വലിയ പാട്ടുകാരിയാണ് നഞ്ചിയമ്മ. നമ്മുടെ ഗോത്രപൈതൃകത്തിലാണ് അതിന്റെ വേരുകൾ. ഓർമകളാണ് അതിന്റെ ജീവൻ. ആടുമേയ്ച്ചും കൃഷിചെയ്തും ജീവിക്കുന്ന, വടികുത്തി മലയിറങ്ങിവരുന്ന, മുഖംനിറഞ്ഞ് ചിരിക്കുന്ന നഞ്ചിയമ്മ കൂട്ടത്തിൽ ഒരു പാട്ടുകൂടി പാടിയതല്ല. പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലെ അതിസ്വാഭാവികമായ ഒരു തുടർച്ചയാണ് ഇപ്പോഴത്തെ പുരസ്കാരം. പാട്ടിനെക്കുറിച്ച് പറയാനുണ്ട് അവർക്ക്. ഇരുളർ എന്ന തന്റെ ജനതയെക്കുറിച്ച് ആവലാതികളുമുണ്ട്. ഇപ്പോൾ കൈവന്ന പ്രശസ്തി തന്റെ ജനതയിലേക്ക് തിരിച്ചുവിടാൻ എന്തുചെയ്യണമെന്നും പറയാനുണ്ട് നഞ്ചിയമ്മയ്ക്ക്.

ആദ്യം ചെറിയ ഒരു സിനിമ വന്നു. സിന്ധു സാജൻ വിളിച്ചിട്ട് (അഗ്ഗെഡു നായഗ). അതിന് ടി.വി.യുടെ (സംസ്ഥാന ടെലിവിഷൻ ചലച്ചിത്ര അവാർഡ് ) സമ്മാനം കിട്ടി. പിന്നെ സർക്കാരിന്റെ വീട് കൊടുക്കണ കാര്യത്തിന് (ലൈഫ് മിഷൻ) പാടി. പിന്നെ താടിസ്സാറിന്റെ സിനിമ (റാസി മുഹമ്മദിന്റെ വെളുത്ത രാത്രികൾ, 2016). അതിലെ അഞ്ച് പാട്ടുകളും പാടി. പിന്നെയാണ് സച്ചിസാർ വരുന്നത്. ലോകമക്കളെ എനിക്ക് മക്കളായ് കിട്ടിയത് സച്ചിസാർ കാരണമാണ്. സച്ചിസാർ പടം പിടിക്കാൻ ഇവിടെ വന്നു. ആദിവാസി പാട്ട് കിട്ടുമോ എന്ന് പഴനിസ്വാമിയോട് ചോദിച്ചു. പഴനിസ്വാമിയാണ് പറഞ്ഞത് എന്റെ ടീമിലെ ഒരമ്മയുണ്ട് കേട്ട് നോക്കാൻ. സച്ചിസാർ ഞങ്ങളെ വിളിച്ചു. ഞങ്ങൾ കൂട്ടമായി എറണാകുളത്ത് ചെന്നു. ആദ്യം സങ്കടമുള്ള ഒരു പാട്ട് വേണം എന്നുപറഞ്ഞു. ഒന്നും ഓർത്തല്ല ഞാൻ പോയത്. സാറ് പാടാൻ പറഞ്ഞപ്പോ ഞാൻ ൈദവമകളേ പാടി. മനസ്സറിഞ്ഞ് കരഞ്ഞ് പാടി. പാട്ട് തീർന്നപ്പോൾ എല്ലാവരും കരഞ്ഞു. സച്ചിസാറും. അങ്ങനെ ആ പാട്ട് എടുത്തു. പിന്നെ ഒരു പാട്ടുകൂടി ഉണ്ട് തമാശ പാട്ടാണ് എന്ന് ഞാൻ പറഞ്ഞു. അതും പാടിച്ചു.

ഞങ്ങൾക്ക് പഠിക്കണ്ട. ഞങ്ങൾക്ക് പാട്ട് പിറപ്പിലേ ഉണ്ട്. ഞങ്ങൾ ജനിക്കുമ്പോൾ മുതൽ പാട്ടാണ്. എല്ലാത്തരം പാട്ടും ഉണ്ട്.
ഒരു ജീവിതത്തിൽ (ആയുസ്സിൽ) കേട്ടുതീരില്ല ഞങ്ങളുടെ പാട്ടുകൾ. നൂറ്് നൂറ്് വേറെ പാട്ടുകൾ. ആയിരം കിളികളും ആയിരം മരങ്ങളുമില്ലേ ഞങ്ങളുടെ പിറക്കുന്നിടത്ത്. ആൽമരം വീശണ പോലല്ല കാട്ടുമാവ്. ഓരോന്നാണ്. കിളികൾക്ക് ആയിരം പാട്ടാണ്. ഓരോന്ന്. കുയിൽ വേറെ, കാക്ക വേറെ. അതെല്ലാം കേട്ട് കേട്ട് ആയിരത്താണ്ട് മുന്നേ ഞങ്ങടെ പൂർവികർ പാടിത്തുടങ്ങിയതാണ്. മാനിനേം മയിലിനേം കാട്ടുപോത്തിനേം ആനകളേം കണ്ട് ആടിത്തുടങ്ങിയതാണ്. ഞങ്ങൾക്ക് പഠിക്കാൻ ഒന്നുമില്ല. തലമുറയായി ചോരയിലും ചോറിലും പാട്ട് കയറിയിട്ടുണ്ട്. എല്ലാവർക്കും അങ്ങനെയല്ല. അവർ പഠിക്കണം. പഠിക്കണതൊക്കെ പഴയ തലമുറക്കാർ കേട്ട കാര്യങ്ങളാണ്. പാട്ട് ഈ നാട്ടിലുണ്ട്. പണ്ടേയുണ്ട്. അത് കാണാൻ പറ്റുന്നവർ പഠിക്കണ്ട. പറ്റാത്തവർ പഠിക്കണം. പഠിച്ച് പാടണം. ഇപ്പോ അമ്പ് എയ്യുന്ന മൽസരം ഇല്ലേ. ഞങ്ങളുടെ ആളുകൾ പഠിക്കാതെ എയ്താൽ ഫസ്റ്റാവും. കാരണമെന്താ? ഞങ്ങളുടെ ചോരയിൽ ഉന്നമുണ്ട്. ഇത്തിരി തെറ്റിയാൽ ഞങ്ങൾ ചാവില്ലേ. അങ്ങനെ ചാവില്ലാത്തവർ പഠിച്ചിട്ടാണ് എയ്യുക. അതും നല്ലതാണ്.

ആദ്യത്തെ പറഞ്ഞുകഴിഞ്ഞില്ല. പഠിക്കണ്ട എന്ന് പറഞ്ഞില്ലേ. അത് ഞങ്ങളുടെ പ്രായമായ ആൾക്കാർക്കാണ്. ഇപ്പോൾ എല്ലാം മാറി. ഞങ്ങളുടെ ഊരുകൾ ചെറുതായി. ജോലികൾ മാറി. പാട്ടും പോയി. അതങ്ങനെ പോകരുത്. ജീവിതം മാറിക്കോട്ടെ, നല്ലതാണ്. കഷ്ടപ്പാട് ചീത്തയാണ്. എല്ലാവരും പഠിച്ച് വലിയ ജോലികളാവണം. പക്ഷേ, ഞങ്ങടെ ആട്ടവും പാട്ടും ഇവിടെ വേണം. എല്ലാവർക്കും വേണം. അത് പോകരുത്. സർക്കാർ സഹായിക്കണം. പാട്ട് പിടിച്ച് നിർത്താൻ, ഞങ്ങളുടെ കലകൾ പിടിച്ച് നിർത്താനും അടുത്ത തലമുറയെ കേൾപ്പിക്കാനും പഠിപ്പിക്കാനും എല്ലാവർക്കും പഠിക്കാനും ഒരു കാര്യം വേണം. ഇവിടെ കുറേ സ്ഥലം എടുത്തിട്ട് ഈ ആദിവാസി കലകളുടെ ഒരു കേന്ദ്രം ഉണ്ടാക്കണം. അത് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here