കടുവ, പുലി, ഇപ്പോൾ കരടിയും; വയനാട്ടിൽ കരടിക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

0
54

വയനാട്: മാനന്തവാടി തോണിച്ചാലിൽ കരടി ഇറങ്ങി. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയ വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ കരടിയെക്കണ്ട വള്ളിയൂർക്കാവ് റോഡിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് തോണിച്ചാൽ. ഇന്നലെ രാത്രി 9 മണിയോടെയാണ് വള്ളിയൂർക്കാവിൽ നാട്ടുകാർ ആദ്യം കരടിയെ കണ്ടത്. ഇതിന് പിന്നാലെ കരടി എത്തിയതിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ പയ്യമ്പള്ളി മുട്ടൻകര ലെനീഷിന്റെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്.

ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ കരടിയെ കണ്ടത്. നാട്ടുകാരും വനപാലകരും മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കരടിയെ കണ്ടെത്താനായിട്ടില്ല. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെ തോണിച്ചാലില്‍ ഇന്ന് രാവിലെ ഏഴുമണിയോടെ നാട്ടുകാർ വീണ്ടും കരടിയെ കണ്ടു. കണ്ടകർണൻ കൊല്ലി റോഡിലെ രാധയുടെ വീട്ടിലെ സിസിടിവിയിൽ കരടി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.

പ്രദേശവാസികൾക്ക് വനംവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിന്റെയും ബത്തേരി ആർ ആർ ടി സംഘത്തിന്റെയും നേതൃത്വത്തിലാണ് മേഖലയിൽ തിരച്ചിൽ പുരോഗമിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here