ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി ആണ് വിധി പറഞ്ഞത്.
പ്രതികളായ 15 പേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. വിധിയെ തുടർന്ന് സംഘർഷ സാധ്യതയുള്ളതിനാൽ പോലീസ് കനത്ത ജാഗ്രതയിലാണ്.2021 ഡിസംബർ 19ന് പുലർച്ചെ ആറുമണിക്കായിരുന്നു രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽകയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തൻ ഷാനിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമായിരുന്നു രഞ്ജിത്ത് ശ്രീനിവാസനെതിരായ ആക്രമണം.
2021 ഡിസംബർ 18നായിരുന്നു ഷാനിനുനേരെ ആക്രമണമുണ്ടായത്. പിറ്റേ ദിവസമാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്.രഞ്ജിത്ത് ശ്രീനിവാസൻ്റെ കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ആർഎസ്എസ് പ്രവർത്തകനായ നന്ദു കൃഷ്ണ ഒരു വർഷം മുൻപ് കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ജില്ലയിൽ വധിക്കേണ്ട ആർഎസ്എസ്, ബിജെപി നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായാണ് പോസിക്യൂഷൻ്റെ വാദം.
ഇതിൽ ഒന്നാമനായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ. കേസിലെ മൂന്നാം പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് ഈ പട്ടിക കണ്ടെത്തിയിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഷാൻ കൊല്ലപ്പെട്ടതോടെയാണ് ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്.
രഞ്ജിത്ത് കൊല്ലപ്പെടുന്നതിൻ്റെ തലേദിവസം രാത്രി എട്ടുമണിയോടെ പ്രതികൾ രഞ്ജിത്തിനെ അന്വേഷിച്ച് ഇദ്ദേഹത്തിൻ്റെ അഭിഭാഷക ഓഫീസിലെത്തിയിരുന്നു. എന്നാൽ രഞ്ജിത്ത് ഇവിടെയില്ലെന്ന് മനസ്സിലാക്കിയതോടെ പ്രതികൾ വിവരം കൂട്ടാളികൾക്ക് കൈമാറി.
തുടർന്ന് രാത്രി ഒരുമണിയോടെ നാലു ബൈക്കുകളിലായി എട്ടു പ്രതികൾ രഞ്ജിത്തിൻ്റെ വീട്ടിലെത്തി. എന്നാൽ സാഹചര്യം അനുകൂലമല്ലെന്നു മനസ്സിലാക്കിയതോടെ പിന്തിരിയുകയും അന്ന് പുലർച്ചെ ആറുമണിയോടെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.