പ്രായം തെളിയിക്കാൻ ഇനി ആധാർ സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ.

0
72

പ്രായം തെളിയിക്കാൻ ഇനി ആധാർ സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ. പ്രായം തെളിയിക്കാനുള്ള രേഖകളുടെ പട്ടികയിൽ നിന്ന് ഇപിഎഫ്ഒ ആധാർ ഒഴിവാക്കിയിട്ടുണ്ട്. പ്രായം തെളിയിക്കാനുള്ള രേഖയായി ആധാ‍ർ ഉപയോഗിക്കാനാകില്ലെന്ന് ആധാർ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. ഇപിഎഫ് അംഗങ്ങളുടെ ജനനത്തീയതി തിരുത്താനുള്ള തെളിവായി ഇനി ആധാ‍ർ നൽകാനാകില്ല. ജനനത്തീയതിക്ക് തെളിവായി ഇനി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ എന്നിവ സമർപ്പിക്കണം2023-ലെ സർക്കുലർ നമ്പർ എട്ട് പ്രകാരം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ജനുവരി 16-നാണ് നിർണായകമായ വിജ്ഞാപനം പുറത്തിറക്കിയത്.

നേരത്തെ, ഇപിഎഫ്‌ഒ പോലുള്ള നിരവധി സ‍ർക്കാർ സ്ഥാപനങ്ങൾ ജനനത്തീയതി പരിശോധിക്കുന്നതിനുള്ള സാധുവായ രേഖയായി ആധാർ പരിഗണിച്ചിരുന്നു. എന്നാൽ ആധാർ രാജ്യത്തെ അടിസ്ഥാന തിരിച്ചറിയൽ രേഖയാണെങ്കിലും, ആധാർ നിയമം, 2016 പ്രകാരം ജനനത്തീയതിയുടെ സാധുതയുള്ള തെളിവായി ഇത് പരിഗണിക്കാനാകില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കുകയായിരുന്നു.
ഇപിഎഫ്ഒയുടെ തീരുമാനത്തിന് സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജനന തീയതിക്ക് തെളിവായി സ്വീകരിച്ചിരുന്ന രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ നീക്കം ചെയ്തിട്ടുണ്ട്.

ആധാർ ഉപയോഗിക്കാനാകുന്നത് എന്തിനൊക്കെ?

അതേസമയം രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയൽ രേഖ തന്നെയായി ആധാർ കാർഡ് തുടരും.
12 അക്ക ആധാർ നമ്പർ ഇന്ത്യൻ പൗരൻമാർക്ക് ഐഡന്റിറ്റി തെളിവായും വിലാസത്തിന്റെ തെളിവായും ഉപയോഗിക്കാനാകും. ഇന്ത്യാ ഗവൺമെന്റിന് വേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന തിരിച്ചറിയൽ നമ്പറാണ് ആധാർ. ഇന്ത്യയിൽ എവിടെയും തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാറിന് സ്വീകാര്യതയുണ്ടായിരിക്കും. ആധാർ കാർഡിനും യുഐഡിഎഐ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന ഇ-ആധാറും ഒരുപോലെ നിയമ സാധുതയുണ്ടായിരിക്കും. പ്രായവും ലിംഗഭേദവും ഇല്ലാതെ, ഇന്ത്യയിൽ താമസിക്കുന്ന ഏതും വ്യക്തിക്കും ആധാറിനായി എൻറോൾ ചെയ്യാം.

ഒരു തവണ മാത്രമേ എൻറോൾ ചെയ്യേണ്ടതുള്ളൂ. എല്ലാ താമസക്കാർക്കും ആധാർ സൗജന്യമാണ്.
ആധാർ നമ്പറിന് ജീവിതകാലം മുഴുവൻ സാധുതയുണ്ടായിരിക്കും. ബാങ്കിംഗ്, മൊബൈൽ ഫോൺ കണക്ഷനുകൾ, മറ്റ് സർക്കാർ, സർക്കാരിതര സേവനങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ ആധാർ കൂടിയേ തീരു. ജനന തീയതിക്ക് ഒഴികെ വിലാസത്തിനുള്ള തെളിവായും ഐഡൻറിറ്റി പ്രൂഫായും ആധാർ ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here