യാത്രക്കാരുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ.

0
76

തിരുവനന്തപുരം: യാത്രക്കാരുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിലൂടെ വിനോദസഞ്ചാര മേഖലയില്‍ കേരളം രാജ്യത്തിനാകെ മാതൃകയാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഇക്കാര്യം ബന്ധപ്പെട്ട ടൂറിസം വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യും.
സ്റ്റാഫ് റൂമുകള്‍ക്കു പുറമെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി രണ്ട് മുറികള്‍ ലഭ്യമാക്കേണ്ടതുണ്ട്. ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. അതിഥികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഐ ഡി കാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.ഡ്രൈവിങ് എളുപ്പമാക്കുന്നതിന് ഡ്രൈവര്‍മാര്‍ക്കായി ഒരു ആപ്പിന് രൂപം നല്‍കുന്നതും പരിഗണനയിലാണ്.

സംസ്ഥാനത്തുടനീളമുള്ള 153 സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ടാക്‌സി, ഓട്ടോറിക്ഷ യൂണിയനുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനുകള്‍ എന്നിവയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് കെടിഡിസിയുടെ എല്ലാ പ്രീമിയം റിസോര്‍ട്ടുകളിലും കാലതാമസമില്ലാതെ തന്നെ ഡ്രൈവര്‍മാര്‍ക്കുള്ള താമസ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ടൂറിസം സെക്രട്ടറി കെ ബിജു, അഡീഷണല്‍ ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, കേരള ടാക്‌സി ആന്‍ഡ് ഓട്ടോറിക്ഷ യൂണിയന്‍ പ്രതിനിധികള്‍, ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here