തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ എത്തുന്നു. കേരളത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇമെയില്‍ ലഭിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു.
കേരളത്തിലെ കായിക പ്രേമികളെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനം കൂടിയാണിത്.
നേരത്തെ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് കായിക മന്ത്രി കത്തയിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നത്. ജൂലായ് മാസം വരാന്‍ തയ്യാറാണെന്നാണ് അര്‍ജന്റീന ടീം അധികൃതര്‍ ഇമെയില്‍ വഴി കേരളത്തെ അറിയിച്ചിരിക്കുന്നത്.
അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും, കേരള സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കേരളത്തിലേക്ക് വരുന്നതിന്റെ സാമ്ബത്തിക അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
വിദേശ ടീമുകള്‍ കേരളത്തില്‍ കളിക്കാനെത്തുമെന്നത് തീര്‍ച്ചയാണെന്നും മന്ത്രി പഞ്ഞു. നേരത്തെ സൗഹൃദ മത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു പിന്‍മാറ്റത്തിനായി കാരണമായത്. ഇതോടെയാണ് അര്‍ജന്റീന ടീമിനെ സൗഹൃദ മത്സരത്തിനായി മന്ത്രി സ്വാഗതം ചെയ്തത്.
അതേസമയം അര്‍ജന്റീന ടീം കളിക്കാനെത്തും മുമ്ബ് ഒരുപാട് കടമ്ബകള്‍ കടക്കാനുണ്ട്. മുഖാമുഖം കണ്ട് സംസാരിച്ചാല്‍ മാത്രമേ അന്തിമ തീരുമാനത്തിലേക്ക് എത്താനാകൂ. അതിനായി അവരോട് സമയം ചോദിച്ചിട്ടുണ്ടെന്നും, നമ്മുടെ ഒരു ടീം അവരെ കാണുമെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം വരാമെന്ന് പറഞ്ഞ ജൂലായ് മാസത്തില്‍ കേരളത്തിലെ കാലാവസ്ഥ പ്രതികൂലമാകാന്‍ സാധ്യതയുണ്ട്.
മഴ സീസണ്‍ ആയതിനാല്‍ അക്കാര്യത്തില്‍ കുറേ കൂടി വ്യക്തത വരുത്തേണ്ടതുണ്ട്. ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന പോലൊരു ടീം കേരളത്തില്‍ എത്തിയാല്‍ അത് അപൂര്‍വ നിമിഷമാകുമെന്നും, ആരാധകരുടെ സ്വപ്‌നമാണെന്നും, അതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.