കിടിലൻ ബാറ്റിങ്ങുമായി ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവ്;

0
18

രഞ്ജി ട്രോഫിയിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ സൂപ്പർ താരം ശുഭ്മാൻ ഗിൽ. കർണാടകക്ക് എതിരെ നടക്കുന്ന മത്സരത്തിന്റെ രണ്ടാമിന്നിങ്സിലാണ് ഗില്ലിന്റെ ബാറ്റി‌ങ് വിരുന്ന്. കഴിഞ്ഞ കുറച്ചു നാളുകളായി മോശം ഫോമിലായിരുന്നു‌ ഗിൽ. ഓസ്ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടെ താരം ഫ്ലോപ്പായിരുന്നു. അടുത്ത മാസം ചാമ്പ്യൻസ് ട്രോഫി നടക്കാനിരിക്കെ ഗിൽ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യ‌ൻ ടീമിന് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല.

ബംഗളൂരുവിലെ ‌ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ പക്ഷേ ഗിൽ ഫ്ലോപ്പായിരുന്നു. പഞ്ചാബിനായി ബാറ്റിങ് ഓപ്പൺ ചെയ്ത താരം എട്ട് പന്തിൽ നിന്ന് നാല് റൺസ് മാത്രമെടുത്ത് പുറത്തായി. എന്നാൽ മത്സരത്തിന്റെ രണ്ടാമിന്നിങ്സിൽ താരം കിടില‌ൻ ബാറ്റിങ് കാഴ്ച വെച്ചു. 14 ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതാണ്‌ ഗില്ലിന്റെ സെഞ്ചുറി.

എന്നാൽ ഗില്ലിന്റെ സെഞ്ചുറി പഞ്ചാബിനെ പരാജയത്തിൽ നിന്ന് രക്ഷിക്കാൻ സാധ്യത കുറവാണ്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വെറും 55 റൺസിന് പുറത്തായ പഞ്ചാബ്, രണ്ടാമിന്നിങ്സിൽ നിലവിൽ 187/7 എന്ന നിലയിലാണ്. കർണാടകയാവട്ടെ ആദ്യ ഇന്നിങ്സിൽ 475 റൺസാണ് നേടിയത്. ഇപ്പോളും കർണാടക സ്കോറിനേക്കാൾ 233 റ‌ൺസ് പിന്നിലാണ് പഞ്ചാബ്.

ഇത്തവണത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ പ്രധാന പ്രതീക്ഷയാണ് ശുഭ്മാൻ ഗിൽ. ക്യാപ്റ്റൻ രോഹിത് ശർമക്ക് ഒപ്പം ടീമിന്റെ ഓപ്പണറാണ് അദ്ദേഹം. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഉപനായകനും ഗില്ലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here