മലപ്പുറം: 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിൽ നൽകിയ കേസിലെ നിർണായക തെളിവുകളിലൊന്നായ തപാൽ വോട്ടുകൾ സൂക്ഷിച്ച രണ്ടു പെട്ടികളിൽ ഒന്നാണ് കാണാതായത്. പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ര്ടോങ് റൂമിൽ സൂക്ഷിച്ച പെട്ടിയാണ് കാണാതായത്. സംഭവത്തിൽ വിവാദം പടരുന്നതിനിടെ പെട്ടി 22 കി. മീ. അകലെയുള്ള മലപ്പുറം സിവിൽ സ്റ്റേഷനിലെ സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിലുണ്ടെന്ന വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കണ്ടെത്തുകയായിരുന്നു.
സ്പെഷ്യൽ തപാൽ വോട്ടുകൾ
കോവിഡ് രോഗികൾക്കും പ്രായമായവർക്കും വീട്ടിൽവച്ചു തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പോളിങ് ഓഫിസർമാർ വീട്ടിൽ വന്നു ശേഖരിച്ച ഇത്തരം വോട്ടുകളാണ് സ്പെഷ്യൽ തപാൽ വോട്ടുകൾ.
കേസ് ഇങ്ങനെ
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിനാണ് പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും ഇല്ലെന്ന പേരിൽ അസാധുവായി പ്രഖ്യാപിച്ച 348 സ്പെഷ്യൽ ബാലറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. തർക്കമുള്ള സ്പെഷ്യൽ ബാലറ്റും രേഖകളും ഇന്നലെ വൈകിട്ട് അഞ്ചിനകം ഹൈക്കോടതിയിൽ എത്തിക്കണമെന്ന് നിർദേശവും ലഭിച്ചു.
കാണാതാകലും പരിശോധനയും
റവന്യൂ ഉദ്യോഗസ്ഥർ പെട്ടികൾ സൂക്ഷിച്ച പെരിന്തൽമണ്ണ സബ്ട്രഷറി ഓഫിസിലെത്തി സ്ട്രോങ് മുറി തുറന്ന് ബോധ്യംവരുത്തി 16ന് ഇവ ഹൈക്കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 7.15ഓടെ വീണ്ടും സ്ട്രോങ് റൂം തുറന്നപ്പോഴാണ് പെട്ടികളിലൊന്ന് കാണാനില്ലെന്നറിയുന്നത്. ഈ പെട്ടി മലപ്പുറം സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചക്ക് 12.45ഓടെയാണ് സബ് കളക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തെത്തിയത്.
പരിശോധനയിൽ സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ബാലറ്റ് പെട്ടി കണ്ടെത്തി. ഇതോടൊപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചു. ഉച്ചക്ക് തുടങ്ങിയ പരിശോധന രാത്രി ഏട്ട് മണിവരെ നീണ്ടു. ബാലറ്റ്പെട്ടി കണ്ടെത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സബ് കളക്ടർ ബന്ധപ്പെട്ട മേലധികാരികൾക്ക് സമർപ്പിക്കും. സബ് കളക്ടറുടെ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ്പെട്ടിയും മറ്റ് രേഖകളും ചൊവ്വാഴ്ച രാവിലെ 10ന് ഹൈക്കോടതിയിൽ ഹാജരാക്കും.
വിശദീകരണം
സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ മലപ്പുറത്തേക്ക് മാറ്റിയപ്പോൾ അതിൽ നിയമസഭ തിരഞ്ഞെടുപ്പിലെ പെട്ടി ഉൾപ്പെട്ടതാവാമെന്നാണ് പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസറുടെ വിശദീകരണം. പെട്ടി സീൽ ചെയ്ത നിലയിൽ തന്നെയാണെന്നും ഇന്നു രാവിലെ 10ന് ഹൈക്കോടതിയിൽ ഹാജരാക്കുമെന്നും പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു.
അന്വേഷണം നടത്തും: കളക്ടർ
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ വി ആർ പ്രേംകുമാർ പറഞ്ഞു. പരിശോധനയ്ക്കിടെ യൂത്ത് ലീഗ് പ്രവർത്തകർ വൈകിട്ട് സഹകരണ സംഘം ഓഫീസ് ഉപരോധിച്ചെങ്കിലും ഇവരെ അറസ്റ്റ് ചെയ്തു നീക്കി. അട്ടിമറി ആരോപിച്ചു യുഡിഎഫ് രംഗത്തെത്തി. കെ പി മുഹമ്മദ് മുസ്തഫയും അന്വേഷണം ആവശ്യപ്പെട്ടു.