സൗദി അറേബ്യ 2024നെ ‘ഒട്ടകങ്ങളുടെ വര്‍ഷം’ ആയി പ്രഖ്യാപിച്ചു.

0
73

അറേബ്യന്‍ ജനജീവിതത്തില്‍ ഒട്ടകങ്ങളുടെ സാംസ്‌കാരിക പ്രാധാന്യം ആഘോഷിക്കുന്നതിനായി സൗദി അറേബ്യ 2024നെ ‘ഒട്ടകങ്ങളുടെ വര്‍ഷം’ (The Year of Camels) ആയി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

അറബ് സംസ്‌കാരത്തിലും ജനജീവിതത്തിലും ഒട്ടകങ്ങളുടെ മൂല്യവും ബന്ധവും ആഘോഷിക്കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷം സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് സൗദി സാംസ്‌കാരിക മന്ത്രാലയം മേല്‍നോട്ടം വഹിക്കും. 2024 ഒട്ടക വര്‍ഷമായി നിശ്ചയിച്ചതിന് സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി അറിയിച്ചു.

സൗദിയുടെ പൈതൃകത്തെ പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഭരണനേതൃത്വം നടത്തുന്ന ശ്രങ്ങളെ സൗദി ഒട്ടക ക്ലബ് ചെയര്‍മാന്‍ ഫഹദ് ബിന്‍ ഹാത്‌ലിന്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അഭിനന്ദിച്ചു.മരുഭൂമിയില്‍ ആളുടെ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും ഉപയോഗപ്പെടുത്തിയിരുന്ന ഒട്ടകങ്ങളില്‍ മികച്ച ഇനങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലയുണ്ട്. ഒട്ടകങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ഒരു കാലത്ത് ആളുകളുടെ സമ്പത്ത് കണക്കാക്കിയിരുന്നത്.

പാല്‍, മാസം എന്നിവയ്ക്ക് ധാരാളമായി ഇപ്പോഴും ഉപയോഗിച്ചുവരുന്നു.രാജ്യത്ത് വര്‍ഷം തോറും നടത്തിവരുന്ന കിങ് അബ്ദുല്‍ അസീസ് ഒട്ടകോത്സവം ഈ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ മത്സരമാണ്. സമീപ വര്‍ഷങ്ങളില്‍, സൗദി അറേബ്യ അതിന്റെ ദേശീയ വ്യക്തിത്വവും അറേബ്യന്‍ പൈതൃകവും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2023-നെ ‘അറബിക് കവിതയുടെ വര്‍ഷം’ ആയും 2022 ‘കാപ്പിയുടെ വര്‍ഷം’ ആയും പ്രഖ്യാപിച്ചിരുന്നു.വരുന്ന ഫെബ്രുവരിയില്‍ സൗദി രാജാവിന്റെ പേരിലുള്ള ഒന്നാമത് അന്താരാഷ്ട്ര ഒട്ടകോല്‍സവം സംഘടിപ്പിക്കുന്നുണ്ട്.

ഫെസ്റ്റിവലില്‍ വിജയിക്കുന്നവര്‍ക്ക് ഏഴ് കോടി സൗദി റിയാല്‍ (1,55,60,89,543 രൂപ) സമ്മാനം നല്‍കും. ഫെസ്റ്റിവല്‍ ലോകമെമ്പാടുമുള്ള ഒട്ടക ഉടമകളെ ആകര്‍ഷിക്കുമെന്ന് കരുതുന്നു. കായിക മേഖലയ്ക്ക് സൗദി ഭരണകൂടം നല്‍കുന്ന പ്രത്യേക പരിഗണനയാണ് ഇത് വ്യക്തമാക്കുന്നതെന്ന് കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി രാജകുമാരന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഒട്ടക ഓട്ടമത്സരത്തിന് അന്താരാഷ്ട്ര പ്രാധാന്യം നല്‍കുന്നതില്‍ ഫെസ്റ്റിവല്‍ പ്രധാന പങ്കുവഹിക്കുമെന്ന് സൗദി ക്യാമെല്‍ സ്പോര്‍ട്സ് ചെയര്‍മാന്‍ ഫഹദ് ബിന്‍ ജലവി രാജകുമാരന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here