സ്വർണ്ണക്കടത്ത്: യു.എ.ഇയിലേക്ക് പണം എത്തിച്ചത് ഹവാല ഇടപാടിലൂടെ

0
78

സ്വര്‍ണക്കടത്തിന് യു.എ.ഇയിലേക്ക് പണം എത്തിച്ചത് ഹവാല ഇടപാടിലൂടെയെന്ന് എന്‍.ഐ.എ. കൂടുതല്‍ പ്രതികള്‍ ദുബൈയിലുണ്ടെന്നും സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ശൃംഖലയുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.

സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയതായി ഇന്നലെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്‌വര്‍ക്കാണ്‌ സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറയുന്നു. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു, 2019 നവംബര്‍ മുതല്‍ 2020 ജനുവരി വരെ 20 തവണ പ്രതികള്‍ സ്വര്‍ണംകടത്തിയെന്നാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്.

നിലവില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത പ്രതികളെ എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. നിരവധിയാളുകള്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റംസ് പിടികൂടിയ സ്വര്‍ണം വിട്ടുകിട്ടുന്നതിനായി സ്വപ്ന വ്യാജരേഖ ചമച്ചിട്ടുണ്ടെന്നും എന്‍.ഐ.എ കണ്ടെത്തി. നാളെ സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here