ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

0
74

ഒന്നാം ഏകദിനത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം പുലർത്തി ദക്ഷിണാഫ്രിക്കയെ (India vs South Africa) തകർത്ത് ഇന്ത്യ. കെഎൽ രാഹുലിൻെറ നേതൃത്വത്തിൽ ഇറങ്ങിയ ടീം 8 വിക്കറ്റിനാണ് വിജയം നേടിയത്. മത്സരത്തിൽ ടോസ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ വേട്ടയാടുകയായിരുന്നു. ആദ്യം അർഷ്ദീപ് സിങും പിന്നീട് ആവേശ് ഖാനുമാണ് വിക്കറ്റുകൾ പിഴുതത്.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 116 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

നാല് കളിക്കാർ മാത്രമാണ് ബാറ്റിങ് നിരയിൽ രണ്ടക്കം കണ്ടത്. ഇന്ത്യക്കായി അർഷ്ദീപ് സിങ്  10 ഓവറിൽ 37 റൺസ് വഴങ്ങി 5 വിക്കറ്റെടുത്തു. ആവേശ് ഖാൻ 8 ഓവറിൽ 27 റൺസിന് 4 വിക്കറ്റും സ്പിന്നർ കുൽദീപ് യാദവ് ഒരു വിക്കറ്റുമെടുത്തു. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട അർഷ്ദീപ് ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തിൽ 5 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ പേസറെന്ന റെക്കോഡും സ്വന്തമാക്കി. നേരത്തെ സ്പിന്നർമാരായ സുനിൽ ജോഷി, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ എന്നിവർ 5 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഒരു ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ പേസർമാർ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്നതും ഈ മത്സരത്തിലാണ്.

പേസർമാരായ ആവേശും അർഷ്ദീപും ചേർന്നാണ് 9 വിക്കറ്റും വീഴ്ത്തിയത്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മോശം ടോട്ടലാണ് മത്സരത്തിൽ പിറന്നത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഓപ്പണറായി ഇറങ്ങിയ സായ് സുദർശൻ അർധശതകം നേടി മറ്റൊരു നേട്ടവും കൈവരിച്ചു. ഏകദിനത്തിൽ അരങ്ങേറ്റത്തിൽ തന്നെ അർധശതകം നേടുന്ന നാലാമത്തെ ഇന്ത്യൻ ഓപ്പണറാണ് സായ് സുദർശൻ.

വെറും 41 പന്തിൽ നിന്നാണ് താരം അർധശതകം തികച്ചത്. 43 പന്തിൽ നിന്ന് 55 റൺസുമായി പുറത്താവാതെ നിൽക്കുകയും ചെയ്തു. 9 ഫോറുകൾ അടങ്ങിയതാണ് ഇന്നിങ്സ്.റുതുരാജ് ഗെയ്ക്വാദിനൊപ്പമാണ് സുദർശൻ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. റുതുരാജ് പെട്ടെന്ന് പുറത്തായെങ്കിലും ശ്രേയസ് അയ്യർ കൂട്ടിനെത്തിയതോടെ ഇന്ത്യൻ സ്കോർ അനായാസം ഉയർന്നു.

ശ്രേയസ് 45 പന്തിൽ നിന്ന് 52 റൺസ് നേടി. 6 ഫോറുകളും ഒരു സിക്സറും അടങ്ങിയ ഇന്നിങ്സ്. വെറും 16.4 ഓവറിലാണ് ഇന്ത്യ മത്സരം തീർത്തത്. ദക്ഷിണാഫ്രിക്ക ക്കെതിരെ ടി20യിൽ അർഷ്ദീപ് അൽപം മോശം പ്രകടനമാണ് നടത്തിയിരുന്നത്. ആവേശിൻെറ ബോളിങ്ങിനെതിരെയും വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇരുവും ഏകദിനത്തിൽ ഞെട്ടിക്കുന്ന പ്രകടനം നടത്തിയിരിക്കുകയാണ്.

ഓപ്പണിങ്ങിൽ  സായ് സുദർശനെ ഇറക്കിയുള്ള പരീക്ഷണവും ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയും താരം തിളങ്ങിയിരുന്നു. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here