മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ അനിഖ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. അനൂപ് പിള്ള എന്നയാണ് തന്നെ മര്‍ദ്ദിച്ചതെന്നും അനിഖ വെളിപ്പെടുത്തി.
വര്‍ഷങ്ങളായി താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്ന് അനിഖ ആരോപിച്ചു. ആദ്യം ചെന്നൈയില്‍ വെച്ചാണ് ഉപദ്രവിച്ചത്. അന്ന് കരഞ്ഞ് കാലില്‍ വീണതിനാല്‍ വിഡ്ഢിയായ താന്‍ മനസലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു. രണ്ടാം തവണയും മര്‍ദ്ദിച്ചപ്പോള്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കി. എന്നാല്‍, അയാള്‍ പോലീസുകാര്‍ക്ക് പണം നല്‍കിയതിനാല്‍ ഒന്നും സംഭവിച്ചില്ല. ഇതോടെ അയാള്‍ വീണ്ടും വീണ്ടും ഉപദ്രവം തുടര്‍ന്നെന്നും അനിഖ പറഞ്ഞു.
ഷൂട്ടിന് പോകാതിരിക്കാന്‍ അനൂപ് തന്റെ ഫോണ്‍ എറിഞ്ഞുടച്ചെന്ന് അനിഖ ആരോപിച്ചു. ബന്ധം പിരിഞ്ഞ ശേഷവും അയാളുടെ ലാപ്‌ടോപ്പില്‍ കണക്ട് ചെയ്ത് തന്റെ വാട്‌സാപ്പ് അയാള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഹൈദരാബാദിലേയ്ക്ക് മാറുന്നതിന് മുമ്പ് അയാള്‍ തന്റെ ഫോണ്‍ ലോക്ക് ചെയ്തു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചു. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശബ്ദം പോലും പുറത്തുവന്നിരുന്നില്ല. ബോധം നഷ്ടമാകുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയതെന്നും അനിഖ കൂട്ടിച്ചേര്‍ത്തു.
മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത മുറിയിലേയ്ക്ക് ഓടിയെങ്കിലും അയാള്‍ അവിടെയും വന്നെന്ന് അനിഖ പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബാത്ത്‌റൂമില്‍ രാവിലെ വരെ ഇരുന്നു. ഈ മുഖം വെച്ച് എങ്ങനെ അഭിനയിക്കുമെന്ന് കാണണം എന്ന് പറഞ്ഞാണ് അയാള്‍ മര്‍ദ്ദിച്ചിരുന്നതെന്നും കണ്ണാടിയില്‍ നോക്കി പൊട്ടിക്കരയുമ്പോള്‍ അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാറുണ്ടെന്നും അനിഖ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നിലവില്‍ എല്ലാത്തില്‍ നിന്നും മോചിതയായി വരികയാണെന്ന് അനിഖ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയതോടെ അയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും നിലവില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അയാള്‍ ഉള്ളതെന്നും അനിഖ പറഞ്ഞു. തുടര്‍ച്ചയായി ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തിലാണ് എല്ലാം തുറന്നുപറയുന്നതെന്ന് വ്യക്തമാക്കിയ അനിഖ താനിപ്പോള്‍ ഷൂട്ടിംഗിന്റെ തിരക്കുകളിലേയ്ക്ക് തിരിച്ചെത്തിയെന്നും പറഞ്ഞു.