തോട്ടിയ്ക്ക് പിഴയിട്ട ശേഷം KSEB മൂന്നാമത്തെ MVD ഓഫീസിന്റെ ഫ്യൂസൂരി.

0
59

കണ്ണൂർ: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്‍റെ മൂന്നാമത്തെ ഓഫീസിന്‍റെ ഫ്യൂസൂരി കെഎസ്ഇബി. ബില്ലടച്ചിട്ട് മാസങ്ങളായെന്ന് കണ്ടെത്തിയതോടെയാണ് കണ്ണൂർ മട്ടന്നൂരിലെ എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിന്‍റെ ഫ്യൂസൂരിയത്. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് നടപടി. പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോ​ഗസ്ഥർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണ്. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ ആണ്.

കഴിഞ്ഞ ദിവസം കാസർഗോഡ് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുത ബിൽ കുടിശിക വരുത്തിയതോടെയായിരുന്നു നടപടി. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. വയനാട്ടിൽ വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷനും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു.

കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് കൽപ്പറ്റയിലെ ഓഫീസിന്‍റെ കണക്ഷൻ വിച്ഛേദിച്ചതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പിന്നാലെ അടിയന്തിര ഫണ്ടിൽ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.

വയനാട്ടിൽ കെ.എസ്.ഇ.ബി ലൈൻ ജോലികൾക്കായി തോട്ടിയുമായി പോയ വാഹനമാണ് എ.ഐ കാമറയിൽ പതിഞ്ഞത്. തുടര്‍ന്ന് കെഎസ്ഇബിയുടെ ജീപ്പിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസും അയച്ചു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകക്കെടുത്ത കെ.എല്‍. 18 ക്യൂ. 2693 നമ്പര്‍ ജീപ്പിനാണ് എ.ഐ ക്യാമറ നോട്ടീസ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here