വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് രാജിയെന്ന് പാലക്കാട് നഗരസഭ ചെയർപേഴ്സണായിരുന്ന പ്രിയ അജയൻ. മൂന്നു മാസം മുൻപേ രാജിയെക്കുറിച്ച് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും പ്രിയ അജയൻ പറഞ്ഞു. ചെയർപേഴ്സൺ സ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.വ്യക്തിപരമായ കാരണങ്ങൾകൊണ്ട് തുടർന്ന് പോകാൻ കഴിയില്ലെന്നാണ് നേതൃത്വത്തെ അറിയിച്ചത്.
ഇത് പരിശോധിച്ച ശേഷം നേതൃത്വം തീരുമാനമെടുത്തിരുന്നു. രാജിക്കായി യാതൊരുവിധ തരത്തിലും സമ്മർദം ഉണ്ടായിട്ടില്ല. വിഭാഗീയതയും ഉണ്ടായിട്ടില്ല. ബിജെപി അംഗങ്ങളിൽനിന്നു പിന്തുണ ലഭിച്ചില്ലെന്ന പരാതിയില്ലെന്നും ഇവർ വ്യക്തമാക്കി.നിലവിൽ തനിക്കെതിരെയും നഗരസഭക്കെതിരെയും വരുന്ന പ്രചാരണങ്ങൾ തെറ്റാണ്. അധ്യക്ഷ സ്ഥാനം മാത്രമാണ് രാജിവെച്ചതെന്നും പ്രിയ അജയൻ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ചെയർപേഴ്സൺ സ്ഥാനം പ്രിയ രാജിവെച്ചത്. രാജി വ്യക്തിപരമായ കാരണങ്ങൾകൊണ്ട് തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി ജില്ലാ നേതൃത്വം.പ്രിയയുടെ താത്പര്യത്തിൽ തന്നെയാണ് രാജി ഉണ്ടായതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ഹരിദാസ് വ്യക്തമാക്കി.
മറ്റ് അഭ്യൂഹങ്ങൾക്ക് സ്ഥാനമില്ല. ചെയർപേഴ്‌സണുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഉണ്ടായിട്ടില്ല. പ്രതിപക്ഷ ത്തിന്റെ ആരോപണം ആരോപണമായി തന്നെ നിലനിൽക്കും.ബിജെപി പ്രവർത്തകരിൽ ഒരു ആശയക്കുഴപ്പവും ഇല്ല. പുതിയ ചെയർപേഴ്സൻ സംബന്ധിച്ച് യാതൊരു തർക്കവും പാർട്ടിയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.