കോഫി വിത്ത് കരണിന്റെ നാല് എപ്പിസോഡുകളെ ഇതുവരെ പുറത്തിറങ്ങിയുള്ളൂവെങ്കിലും ഷോ ഇതിനകം ഉണ്ടാക്കിയ അലയൊലികൾ അമ്പരിപ്പിക്കുന്നതാണ്. സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം ഇന്ന് കോഫി വിത്ത് കരണിന്റെ എപ്പിസോഡുകളാണ് ചർച്ചാ വിഷയം.നാല് എപ്പിസോഡുകളും ഒന്നിനൊന്ന് മികച്ച് നിന്നത് ഈ വിജയത്തിന് മുതൽക്കൂട്ടായി.
ആദ്യ എപ്പിസോഡിൽ രൺവീർ സിംഗും ആലിയ ഭട്ടുമായിരുന്നു അതിഥിതളായെത്തിയത്. രണ്ടാമത്തെ എപ്പിസോഡിൽ സാറ അലി ഖാനും ജാൻവി കപൂറുമെത്തി. മൂന്നാമത്തെ എപ്പിസോഡിലാവട്ടെ സമാന്തയും അക്ഷയ് കുമാറും അതിഥികളായെത്തി. അനന്യ പാണ്ഡെയും വിജയ് ദേവരകൊണ്ടയുമായിരുന്നു നാലാമത്തെ എപ്പിസോഡിലെ അതിഥികൾ.
ഓർമാക്സ് മീഡിയ പുറത്തു വിട്ട പട്ടിക സംബന്ധിച്ച് സമാന്തയോട് ചോദിച്ച ചോദ്യമാണ് വിവാദത്തിലേക്ക് നയിച്ചത്. തെന്നിന്ത്യലെ ഏറ്റവും വലിയ നായികാ നടി ആരാണെന്ന ചോദ്യം കരൺ സമാന്തയോട് ചോദിച്ചു. ഞാൻ നയൻതാരയോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് സമാന്ത നയൻസ് ആണ് ആ നടി എന്ന് സൂചിപ്പിച്ച് കൊണ്ട് മറുപടിയും നൽകി.
എന്നാൽ അവർ എന്റെ ലിസ്റ്റിലില്ല എന്ന് പറഞ്ഞ കരൺ ഓർമാക്സിന്റെ പട്ടിക വായിക്കുകയായിരുന്നു. സമാന്തയായിരുന്നു പട്ടികയിൽ ഒന്നാമത്. നോട് ഇൻ മൈ ലിസ്റ്റ് എന്ന കരണിന്റെ പരാമർശമാണ് നയൻതാരയുടെ ആരാധകരെ ചൊടിപ്പിച്ചത്. നയൻസിനോടുള്ള അവഗണനയാണിതെന്നായിരുന്നു ആരോപണം. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയെ കരണിന് പുച്ഛമാണെന്ന് വരെ ആരോപണമുയർന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ കമന്റുമായി രംഗത്ത് വന്നത്.
ഇപ്പോഴിതാ വിഷയത്തിൽ കരൺ ജോഹർ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഓർമാക്സിന്റെ പട്ടിക പ്രകാരം സമാന്തയാണ് നമ്പർ വൺ എന്നാണ് താൻ പറഞ്ഞത്. നയൻതാരയുടെ ആരാധകർ സംഭാഷണം തെറ്റായി വ്യാഖ്യാനിച്ചു. നമുക്കെല്ലാവർക്കും നർമ്മബോധം ഉണ്ടായിരിക്കണം എന്ന് ഞാൻ കരുതുന്നു. എന്റേത് ഒരു രസകരമായ ഷോയാണ് കരൺ ജോഹർ പറഞ്ഞു.