തെലങ്കാനയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്ന് ഫോക്‌സ്‌കോൺ

0
63

തെലങ്കാനയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് ദിവസങ്ങൾക്ക് ശേഷം, മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ പരാമർശിച്ച് തനിക്ക് ഇപ്പോൾ ഇന്ത്യയിൽ ഒരു പുതിയ സുഹൃത്തുണ്ടെന്ന് ആപ്പിൾ വിതരണ കമ്പനി ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയു പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. സംസ്ഥാനത്ത് ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫോക്‌സ്‌കോൺ പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഒരു ഇലക്‌ട്രോണിക് ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനായി ഫോക്‌സ്‌കോൺ വെളിപ്പെടുത്താത്ത തുക നിക്ഷേപിക്കും. തായ്‌വാൻ ആസ്ഥാനമായുള്ള സ്ഥാപനത്തിന് ഇതിനകം ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും പ്രവർത്തനങ്ങളുണ്ട്. അവിടെ കമ്പനി ആപ്പിൾ, ആമസോൺ തുടങ്ങിയ കമ്പനികൾക്കായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്.

“നിങ്ങളുടെ കാഴ്‌ചപ്പാടിൽ നിന്നും, തെലങ്കാനയുടെ പരിവർത്തനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങളിൽ നിന്നും ഞാൻ തീർച്ചയായും പ്രചോദനം ഉൾക്കൊണ്ടിരുന്നു. എനിക്ക് ഇപ്പോൾ ഇന്ത്യയിൽ ഒരു പുതിയ സുഹൃത്തുണ്ട്, ഭാവിയിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” കെസിആറിന് അയച്ച കത്തിൽ ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയു പറഞ്ഞു.

“മാർച്ച് 2ന് ചർച്ച ചെയ്‌തതുപോലെ, കൊങ്ങര കാലാനിൽ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ ഫോക്‌സ്‌കോൺ പ്രതിജ്ഞാബദ്ധമാണ്, കൊങ്ങര കാലാൻ പാർക്ക് എത്രയും വേഗം പ്രവർത്തനക്ഷമമാക്കുന്നതിന് നിങ്ങളുടെ ടീമിന്റെ പിന്തുണ ഞാൻ തേടുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കൊങ്ങര കാലാനിൽ പ്ലാന്റ് സ്ഥാപിക്കാൻ കെസിആർ നേതൃത്വത്തിലുള്ള സർക്കാർ 200 ഏക്കർ ഭൂമി ഫോക്സ്കോണിന് വാഗ്‌ദാനം ചെയ്‌തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

“ധാരണാപത്രത്തിൽ ഒപ്പിടാൻ മാർച്ച് രണ്ടിന് ഹൈദരാബാദ് സന്ദർശിച്ച ലിയു, കെസിആറിനെ തന്റെ സ്വകാര്യ അതിഥിയായി തായ്‌വാനിലേക്കും ക്ഷണിച്ചു. തായ്‌പേയിയിൽ നിങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് എന്റെ ബഹുമതിയാണ്” ലിയു തന്റെ കത്തിൽ എഴുതി. ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിലവസര സാധ്യതയുള്ള ഒരു നിർമ്മാണ കേന്ദ്രം ഫോക്‌സ്‌കോൺ സ്ഥാപിക്കുമെന്ന് തെലങ്കാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here