ഗിന്നസ് ബുക്കിൽ ഇടംനേടി ദേശീയപാതാ അതോറിറ്റി

0
57

മുംബൈ: ദേശീയപാതാ ടാറിങ് അതിവേഗം പൂർത്തിയാക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻ.എച്ച്.എ.ഐ.). മഹാരാഷ്ട്രയിലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റർ ദേശീയപാതയുടെ ടാറിങ്ങാണ് 105 മണിക്കൂർ 33 മിനിറ്റുകൊണ്ട് പൂർത്തിയാക്കിയത്. എൻ.എച്ച്.എ.ഐയുടെ ഈ അഭിമാനനേട്ടം കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെ പങ്കുവെച്ചു.

ദേശീയപാത 53-ലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റർ ഒറ്റവരിപ്പാതയാണ് ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ച് ടാർ ചെയ്തത്. ജൂൺ മൂന്നാംതീയതി രാവിലെ 7.27-ന് ആരംഭിച്ച പ്രവൃത്തി ജൂൺ ഏഴാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് പൂർത്തിയായി.

രാജ്യത്തിന്റെ ധാതുസമ്പന്നമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ പാത, വൻനഗരങ്ങളായ കൊൽത്ത-റായ്പുർ-നാഗ്പുർ-അകോള-ധൂലെ- സൂറത്ത് തുടങ്ങിയവയെ ബന്ധിപ്പിക്കുന്നതാണ്.

ഇതിനു മുൻപ് അതിവേഗ നിർമാണം പൂർത്തിയാക്കിയെന്ന റെക്കോഡ് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗുലിനായിരുന്നു സ്വന്തം. 2019 ഫെബ്രുവരി 27-നായിരുന്നു ഇത്. ഏകദേശം 242 മണിക്കൂർ (10 ദിവസം) കൊണ്ട് 25 കിലോമീറ്റർ റോഡ് നിർമിച്ചായിരുന്നു അവർ ഗിന്നസിൽ ഇടം നേടിയത്. അൽ ഖോർ എക്സ്പ്രസ് വേയുടെ ഭാഗമായ റോഡ് ആയിരുന്നു ഈ നേട്ടത്തിന് അവരെ അർഹരാക്കിയത്. പത്തുദിവസം കൊണ്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്.

നിർമാണരംഗത്തെ പ്രമുഖരായ പുണെയിലെ രാജ്പഥ് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും യന്ത്രങ്ങളുമാണ് നിർമാണത്തിനായി ഉപയോഗിച്ചത്.

അസാധാരണ നേട്ടം കൈവരിക്കാൻ രാവും പകലും പരിശ്രമിച്ച എൻജിനീയർമാരെയും തൊഴിലാളികളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഗഡ്കരി ട്വീറ്റിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here