മോനിപ്പള്ളി: നേരിൽക്കാണാതെ മെറിൻ ജോയിക്ക് രണ്ടു വയസ്സുകാരി മകളും മാതാപിതാക്കളും അടക്കമുള്ളവർ ഇന്നു യാത്രാമൊഴിയേകും. യുഎസിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയി(27)യുടെ സംസ്കാരം ഇന്നു റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടക്കും.
അമേരിക്കൻ സമയം രാവിലെ 10 മുതൽ 11 വരെ (ഇന്ത്യൻ സമയം രാത്രി 7.30 മുതൽ 8.30 വരെ) പള്ളിയിൽ പൊതുദർശനം. 11 മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഫാ.ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 2നു (ഇന്ത്യൻ സമയം രാത്രി 11:30) ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്കാരം. ഇന്ന് വൈകിട്ട് 5നു മെറിന്റെ ഇടവക ദേവാലയമായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ പ്രത്യേക പ്രാർഥന നടത്തും.
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ക്നാനായ വോയ്സ് ടിവി വഴി യുഎസിലെ ചടങ്ങുകൾ ലൈവായി കാണിക്കുന്നുണ്ട്. വീട്ടിൽ ഇതു കാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി, മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ.