ആശുപത്രിയിലെ രണ്ടാംനിലയിലാണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആശുപത്രിയിലെ എല്ലാ രോഗികളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. നാല് ഫയർ ടെൻഡറുകൾ സ്ഥലത്തുണ്ട്.
രോഗികളെ മറ്റ് ആശുപത്രിയകളിലേക്ക് മാറ്റുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.വിശാഖപട്ടണം നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായ ജഗദംബ ജങ്ഷനിലാണ് അപകടം നടന്നിരിക്കുന്നത്. ചില രോഗികൾ കെട്ടിടത്തിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അപകടമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഓപ്പറേഷൻ തിയറ്ററിൽ നിന്നാണ് തീപ്പിടിത്തം തുടങ്ങിയതെന്നാണ് പ്രാഥമിക അനുമാനം. ഇവിടെ നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു. തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടയുടനെ അഗ്നിശമന സേനയെ വിവരമറിയിക്കുകയും വേണ്ട മുൻകരുതലുകളെടുക്കുകയും ചെയ്തതിനാൽ വലിയ ദുരന്തമുണ്ടാകാതെ നോക്കാനായി.സിറ്റി പോലീസ് കമ്മീഷണർ ഡോ. എ രവിശങ്കർ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. തീപ്പിടിത്തം നിയന്ത്രണവിധേയമായെന്ന് രവിശങ്കർ അറിയിച്ചു. എന്നാൽ തീ പൂർണമായും അണഞ്ഞിട്ടില്ല. അത് അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.
ഐസിയുവിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ഏഴ് രോഗികളെയും സുരക്ഷിതമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.