ഭാരത് ശബരി സ്പെഷ്യൽ ട്രെയിൻ ചെന്നൈ – കോട്ടയം വന്ദേ ഭാരത് നാളെ മുതൽ;

0
85

ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ വന്ദേ ഭാരത് നാളെ മുതൽ ഓടിത്തുടങ്ങും. എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് കോട്ടയത്തേക്കാണ് വന്ദേ ഭാരത് ശബരി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്ക് ചെയർ കാറിന് (സിസി) 1640 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് (ഇസി) 3300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ചെന്നൈയ്ക്കും കോട്ടയത്തിനും പുറമെ, കഡ്പാടി, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിലാണ് സ്പെഷ്യൽ വന്ദേ ഭാരതിന് സ്റ്റോപ്പുകളുള്ളത്.

ചെന്നൈയിൽ നിന്ന് രാവിലെ 04:30ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 04:14നാണ് കോട്ടയത്ത് എത്തുക. ഉച്ചയ്ക്ക് 12:05ന് പാലക്കാട്, 01:20 തൃശൂർ, 02:20 ആലുവ, 02:55 എറണാകുളം നോർത്ത് എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു സ്റ്റോപ്പുകളിൽ വന്ദേ ഭാരത് എത്തുന്ന സമയം.

പാലക്കാട് നിന്ന് കോട്ടയത്തേക്ക് 840 (സിസി), 1695 (ഇസി) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നാല് സർവീസുകളാണ് നിലവിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായർ (15, 17, 22, 24) ദിവസങ്ങളിലാണ് ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കുള്ള സർവീസ്. തിരിച്ചുള്ള യാത്ര ശനി, തിങ്കൾ (16, 18, 23, 25) ദിവസങ്ങളിലും. ഇന്ന് രാവിലെ എട്ട് മണിക്കാണ് ബുക്കിങ് ആരംഭിച്ചത്.

നേരത്തെ കേരളത്തിൽ രണ്ട് വന്ദേ ഭാരതുകൾ സർവീസ് ആരംഭിച്ചപ്പോൾ ചെന്നൈ – എറണാകുളം സർവീസ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. നിലവിൽ ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് താൽക്കാലിക സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Vande bharat sabari

LEAVE A REPLY

Please enter your comment!
Please enter your name here