ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര സിവില്‍ കോടതി തള്ളി. മഥുര ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പള്ളി ക്ഷേത്രത്തിന്‍്റെ സഥലത്താണ് ഉള്ളതെന്നും അത് പൊളിച്ച് നീക്കണമെന്നുമായിരുന്നു ഹര്‍ജി. അഭിഭാഷകനായ വിഷ്ണു ജെയിന്‍ ആണ് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് പള്ളി പണികഴിപ്പിച്ചിരിക്കുന്നതെന്ന് ഇയാള്‍ ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് മഥുരയിലെ കൃഷ്ണ ക്ഷേത്രം ഉള്‍പ്പെടെ ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്നും ഇയാള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നും ഹര്‍ജിയിലുണ്ട്.
അതേസമയം, ഹര്‍ജിക്കെതിരെ മഥുരയിലെ പുരോഹിത സംഘമായ അഖില ഭാരതീയ തീര്‍ഥ പുരോഹിത് മഹാസഭ രംഗത്തെത്തി. മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നും ചിലര്‍ ശ്രമിക്കുന്നു എന്ന് അധ്യക്ഷന്‍ മഹേഷ് പഥക് പറഞ്ഞു.