പവന് 39,400- സ്വര്‍ണ്ണം പൊള്ളുന്നു

0
256

തുടര്‍ച്ചയായി ഏഴാംദിനവും റെക്കോഡ്‌ തകര്‍ന്നു സ്വര്‍ണം. പവന്‌ 200 രൂപ വര്‍ദ്ധിച്ച്‌ 39,400 രൂപയിലും ഗ്രാമിന്‌ 25 രൂപ കൂടി 4,925 രൂപയിലുമാണ്‌ ഇന്നലെ വ്യാപരം നടന്നത്‌.ചൊവ്വാഴ്‌ചയാണു ചരിത്രത്തിലാദ്യമായി പ്രാദേശികവിപണിയില്‍ പവന്‌ 39,000 രൂപ പിന്നിട്ടത്‌. 600 രൂപ കൂടി വര്‍ധിച്ചാല്‍ പവന്‌ 40,000 രൂപയാകും. ഈ മാസം മാത്രം സ്വര്‍ണവിലയില്‍ 3,600 രൂപയുടെ കുതിപ്പാണു പ്രകടമായത്‌. ഒരാഴ്‌ചയ്‌ക്കിടെ പവന്‌ 2,640 രൂപ കൂടി. ഒരു വര്‍ഷത്തിനിടെ പവന്‌ 13,540 രൂപ വര്‍ദ്ധിച്ചു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണിയില്‍ പ്രതിഫലിച്ചത്‌. അഗോളതലത്തില്‍ സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്‌ പ്രകടമായി.
സ്വര്‍ണം ഔണ്‍സിന്‌ 1,957.84 ഡോളറിലാണ്‌ ഇന്നലെ വ്യാപരം നടന്നത്‌. കോവിഡ്‌ പ്രതിസന്ധി മറികടക്കാനാകാതെ ഓഹരി സൂചികകള്‍ നഷ്‌ടത്തിലായതും വരുമാനം കൂപ്പുകുത്തിയതുമാണ്‌ സ്വര്‍ണക്കുതിപ്പിനു കാരണം. സ്വര്‍ണത്തിന്‍റെ നിക്ഷേപ ആവശ്യകത ദിനംപ്രതി വര്‍ധിക്കുകയാണ്‌.
സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്‍റെ ഖ്യാതി നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടാന്‍ കാരണമായി. രാജ്യാന്തര വിപണിയുടെ വളര്‍ച്ചാ വേഗം ഉടനെ തിരിച്ചുപിടിക്കാനാകില്ലെന്നു വിദഗ്‌ധര്‍ വിലയിരുത്തിയതും സ്വര്‍ണത്തിനു നേട്ടമായി. ഡോളറിനെതിരേ രൂപയുടെ മൂല്യം അസ്‌ഥിരമായി തുടരുന്നതും പ്രാദേശിക വിപണിയിലെ വിലക്കയറ്റത്തിനു കാരണമായി.
സ്വര്‍ണത്തിന്‍റെ വില കുതിച്ചുയരുന്നത്‌ ബാങ്കിങ്‌, സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങള്‍ക്കു നേട്ടമാകുന്നു. സ്വര്‍ണപ്പണയവും പഴയ സ്വര്‍ണത്തിന്‍റെ വാങ്ങലും വില്‍പ്പനയും കൂടിയതോടെ ബിസിനസ്‌ മൂല്യം പതിന്മടങ്ങായി.സ്വര്‍ണം പണയം വയ്‌ക്കുന്നതിനോടു വിമുഖരായിരുന്ന പലരും കോവിഡ്‌ കാലത്തു വരുമാനം നിലച്ചതോടെ അതിനു നിര്‍ബന്ധിതരായി. പ്രതീക്ഷിച്ചിരുന്നതിലും കൂടുതല്‍ തുക ലഭിക്കുമെന്നായതും പണയത്തോടുള്ള താല്‍പ്പര്യം കൂട്ടി. സംസ്‌ഥാനത്ത്‌ ഒരു വര്‍ഷം ശരാശരി 30,000 കോടി രൂപയുടെ സ്വര്‍ണപ്പണയമാണ്‌ ബാങ്കുകളിലും ഇതര ധനകാര്യ സ്‌ഥാപനങ്ങളിലുമായി നടക്കുന്നത്‌.
മുന്പ് കുറഞ്ഞ തുകയ്‌ക്കു പണയം വച്ചിരുന്ന സ്വര്‍ണം തിരിച്ചെടുത്ത്‌ ഉയര്‍ന്ന തുകയ്‌ക്കു പണയം വയ്‌ക്കുന്ന പ്രവണതയും കൂടി. സ്വര്‍ണവില ഉയരുന്നതിനാല്‍ സ്‌ഥാപനമുടമകള്‍ ധൈര്യമായി പണം നല്‍കുന്നുമുണ്ട്‌. പഴയ സ്വര്‍ണം വാങ്ങാന്‍ ജുവലറികള്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്‌. ഒരു മാസം മുന്പ് വാങ്ങിയ ആഭരണങ്ങള്‍ വിറ്റാല്‍പ്പോലും ലാഭമാണെന്നിരിക്കെ വില്‍ക്കാന്‍ ആളുകള്‍ തയാറുമാണ്‌. സ്വര്‍ണം ഗ്രാമിന്‌ 4900 രൂപയ്‌ക്ക് അടുത്ത്‌ എത്തിക്കഴിഞ്ഞു. വിപണിവിലയുടെ ഒരു മാസത്തെ ശരാശരി വിലയുടെ 75 ശതമാനം വരെയാണു സ്വര്‍ണപ്പണയത്തില്‍ നല്‍കുന്നത്‌. കാര്‍ഷിക വായ്‌പയ്‌ക്കാണെങ്കില്‍ വിലയുടെ 80 ശതമാനം വരെ പണയത്തുക ലഭിക്കും. ഇതിനു പലിശ കുറവാണെന്ന മെച്ചവുമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here