ശബരിമല; ഇന്ന് മുതൽ വിർച്ച്വൽ ക്യൂ ബുക്കിങ്ങ് പരിധി 80000

0
149

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടുതൽ നിയന്ത്രണ വിധേയമാക്കാനൊരുങ്ങി പൊലീസും ദേവസ്വം ബോർഡും. ഇന്ന് മുതൽ വിർച്ച്വൽ ക്യൂ ബുക്കിങ്ങ് പരിധി 80000 ആക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിന് മാത്രമേ അനുവദിക്കൂ. ഒരു മണിക്കൂറിൽ ശരാശരി 3800 മുതൽ 4000 പേരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടാനാണ് പൊലീസിന്റെ തീരുമാനം.

വിർച്ച്വൽ ക്യൂ ബുക്കിങ്ങ് 80000 ആക്കി നിജപ്പെടുത്തിയതിലൂടെ ശബരിമലയിലെ തിരക്ക് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണ വിധേയമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ദിനംപ്രതി 90000 ൽ അധികം ഭക്തർ സന്നിധാനത്ത് എത്തിയപ്പോഴാണ് തിരക്ക് അനിയന്ത്രിതമായത്. തിരക്ക് വർധിക്കുമ്പോഴുള്ള അപകട സാധ്യത മുന്നിൽ കണ്ട് തിരക്ക് ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് ദേവസ്വം വകുപ്പിന്റേയും ദേവസ്വം ബോർഡിന്റേയും പൊലീസിന്റേയും തീരുമാനം. സന്നിധാനത്തെ തിരക്കിനനുസരിച്ച് മാത്രമേ പമ്പയിൽ നിന്ന് മല ചവിട്ടാൻ ഭക്തരെ അനുവദിക്കൂ. കഴിഞ്ഞ ദിവസം ഈ രീതി പ്രാവർത്തികമാക്കിയെങ്കിലും പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തർ എത്താൻ ആറ് മണിക്കൂറിലധികം എടുക്കുന്നുണ്ട്. സന്നിധാനത്ത് എത്തുന്ന ഭക്തരുടെ പരാതിയും ഇക്കാര്യത്തിലാണ്. ഡൈനാമിക് ക്യൂ കോംപ്ലക്സിലും മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here