പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിവാദ പോസ്‌റ്റർ പതിച്ച സംഭവത്തിൽ ഡൽഹി പോലീസ് നടപടി തുടങ്ങി. ഈ കേസിൽ നൂറോളം എഫ്‌ഐആറുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്, കൂടാതെ ആറ് പേരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം, ഈ പോസ്‌റ്ററുകളിൽ പ്രിന്റിംഗ് പ്രസിന്റെ വിവരങ്ങൾ പോലും ഇല്ലെന്നും, ഇത് ചട്ടലംഘനമാണെന്നും ഡൽഹി പോലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അപകീർത്തി നിയമപ്രകാരവും പ്രിന്റിംഗ് പ്രസ് നിയമപ്രകാരവും ഡൽഹിയിലുടനീളം നടപടിയെടുത്തു. ഇതിലാണ് ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആം ആദ്‌മി പാർട്ടി ഓഫീസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഒരു വാൻ തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് സ്പെഷ്യൽ സിപി ദീപേന്ദ്ര പഥക് വാർത്താ ഏജൻസിയോട് പറഞ്ഞു. ഈ വാനിൽ നിന്ന് പതിനായിരത്തിലധികം പോസ്‌റ്ററുകൾ പോലീസ് പിടിച്ചെടുത്തു.
ഈ പോസ്‌റ്ററുകളിൽ പ്രിന്റിംഗ് പ്രസിന്റെ പേരോ, ഇത് അച്ചടിച്ച ആളുടെ പേരോ എഴുതിയിട്ടില്ല, ഇത് നിയമ ലംഘനമാണ്. ഇതേത്തുടർന്ന് ഡൽഹി പോലീസ് നടപടിയെടുക്കുകയും, വാഹനത്തിലുണ്ടായിരുന്നവരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഇതുകൂടാതെ, ഡൽഹിയിലെ വിവിധ ജില്ലകളിലായി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 100ലധികം എഫ്‌ഐആറുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. രണ്ട് പ്രിന്റിംഗ് പ്രസുകകൾക്കായി ആകെ ഒരു ലക്ഷം പോസ്‌റ്ററുകൾക്കുള്ള ഓർഡറുകൾ ലഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.