റിയാദ്: റിയാദ് സീസണിൻറെ ഭാഗമായ ‘റിയാദ് മോട്ടോർ ഷോ 2023’ ന് തുടക്കം കുറിച്ചു. ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിലാണ് ലോക വാഹന വിപണിയിലെ അൻപതിലധികം പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ പ്രദർശനം ആരംഭിച്ചത്. സൗദിയിലും പശ്ചിമേഷ്യൻ മേഖലയിലും ആദ്യമായി നിർമിക്കുന്ന വാഹനങ്ങളുടെ മോഡലുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിപണിയിലേക്കെത്തുന്ന ഏറ്റവും പുതിയ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനും കമ്പനികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് മോട്ടോർ ഷോയിൽ പൊതുവെ അവസരമൊരുക്കുന്നത്. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച വൻ ഒഴുക്കായിരുന്നു മേളയിലെത്തിയത്.
പ്രദർശനത്തിന് ലോകോത്തര ബ്രാൻഡുകളിലുള്ള ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ളവയും ഉണ്ട്. ഫോർ-വീൽ, ഗോ-കാർട്ട് റേസിങ് ട്രാക്കുകൾ, ഓഫ്-റോഡ് ഡ്രൈവ് ഡെമോസ്ട്രേഷനുകൾ, ടെസ്റ്റ് ഡ്രൈവിങ്ങ് എന്നിവയും മേളനഗരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് അവരുടെ സ്വപ്ന വാഹനങ്ങൾ ഓടിക്കാനുള്ള അവസരവും ഇവിടെയുണ്ട്.
മാത്രമല്ല കുട്ടികൾക്കായി പ്രത്യേക വിനോദ ഏരിയകളും സജ്ജീകരിച്ചിട്ടുണ്ട്. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ കീഴിൽ സൗദിയിൽ ആദ്യമായി നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് വാഹനങ്ങളുടെയും മറ്റ് ഇലക്ട്രിക് കമ്പനികളുടെ വാഹനങ്ങളുടെയും ലോഞ്ചിങ്ങും ഇവിടെ നടക്കും.
ഭാവിയിൽ അവതരിക്കാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ മോഡലുകളുടെ അനാച്ഛാദനവും അഞ്ച് ദിവസങ്ങളിലായി നടത്തുന്ന ഷോയുടെ ഭാഗമായി നടക്കും. ഈ മാസം ഒമ്പത് വരെ അതായത് നാളെവരെയാണ് പ്രദർശനം. മേള സന്ദർശിക്കാൻ സൗജന്യ പാസ് https://webook.com/en-US/events/riyadh-motor-festival എന്ന ലിങ്ക് വഴി നേടാണ് കഴിയും.