വിവാദങ്ങൾക്കിടെ നവ കേരള സദസ്സിന് നാളെ തുടക്കം.

0
145

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന് നാളെ തുടക്കം. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികൾ കേൾക്കുകയാണ് സർക്കാർ. പ്രതിസന്ധി കാലത്തെ ധൂര്‍ത്തടക്കമുള്ള ആക്ഷേപങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും യാത്ര. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കും. സര്‍ക്കാർ ചെലവിൽ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

രാഷ്ട്രീയ യാത്രകൾ കേരളം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മന്ത്രിസഭാ ഒന്നടങ്കം നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇറങ്ങുന്ന സർക്കാർ പരിപാടി കേരള ചരിത്രത്തിൽ ഇതാദ്യമാണ്. എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുക എന്ന വലിയ ലക്ഷ്യമാണ്. ഭരണത്തിന്‍റെ പൾസ് അറിയാൻ കേരളം കണ്ട ഏറ്റവും വലിയ സർക്കാർ സ്പോണ്‍സേഡ് പി ആർ അഭ്യാസം കൂടിയാകും ഈ യാത്ര. ജനങ്ങളെ കേൾക്കുന്ന നേരിൽ കണ്ട് പരാതി സ്വകരിക്കുന്ന ഈ പരിപാടി ഉമ്മൻചാണ്ടി സർക്കാർ കാലത്തെ ജനസമ്പർക്കത്തിന്‍റെ കോപ്പിയടി അല്ലേ എന്ന് ചോദിച്ചാൽ അത് വേ ഇത് റേ എന്നാണ് സർക്കാരിന്‍റെ മറുപടി.

ഒരു ദിവസം പോകുന്ന മണ്ഡലങ്ങളിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ ജില്ലാ ഭരണകൂടം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി രാവിലെ 9 മണി മുതൽ പത്ത് വരെ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കും. ശേഷം മണ്ഡലത്തിലേക്ക്. മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗിക്കും. റിപ്പോർട്ട് കാർഡ് അവതരിപ്പിക്കും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വർഷക്കാലത്തെ സർക്കാർ ലക്ഷ്യങ്ങളും അവതരിപ്പിക്കും. ഓരോ മണ്ഡല സദസ് വേദികളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ. ആവശ്യമെങ്കിൽ മന്ത്രിമാരും പരാതികൾ കേൾക്കും. വരുന്ന പരാതികളുടെ ഫോളോ അപ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഏകോപിക്കണം. സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബർ 24ന് തിരുവനന്തപുരത്ത് എത്തുന്നതോടെ ലോകസഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങും.

നവംബര്‍ 19ന് കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസം. സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സ് ജില്ലയില്‍ നവംബര്‍ 18,19 തീയതികളില്‍ നടക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. അതിനാല്‍ നവംബര്‍ 19 (ഞായറാഴ്ച്ച ) ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here