കരിപ്പൂർ വിമാനത്താവളത്തിൽ മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു.

0
76

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് തീരുമാനം. ഒക്ടോബർ 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് മാത്രമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്ത്‌ മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു.

റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.. ഈ മാസം 28 മുതല്‍ 24 മണിക്കൂർ സര്‍വീസ് തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിൽ മാറ്റം വരും.

ജനുവരിയില്‍ തുടങ്ങിയ റണ്‍വേ റീ കാര്‍പ്പറ്റിംഗ് ജോലി ജൂണില്‍ പൂര്‍ത്തീകരിച്ചെങ്കിലും വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു. മണ്ണിന്റെ ലഭ്യതയായിരുന്നു പ്രധാന തടസം. മഴ കൂടി തുടങ്ങിയതോടെ ഈ പണി നീളുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പണികളെല്ലാം പൂര്‍ത്തിയായത്. ഇതിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here