കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. യെഡിയൂരപ്പ തന്നെയാണ് ഈക്കാര്യം ട്വീറ്ററിൽ കുറിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിക്കും കോവിഡ് ബാധിച്ചിരുന്നു.
ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി കമൽ റാണി വരുൺ കോവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു. സ്വതന്ത്ര ദേവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ്. കഴിഞ്ഞ ആഴ്ച പേഴ്സനല്‍ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗവര്‍ണര്‍ ക്വാറന്റീനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് രാവിലെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷായെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്.