സംസ്ഥാനത്ത് ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ അടുത്തിടെ നൽകിവരുന്നത്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളും പുതിയ കേന്ദ്രങ്ങളുമെല്ലാം കുറച്ചുനാളുകളായി ചർച്ചാവിഷയമാണ്. ഇതിന്‍റെ പ്രതിഫലനം സഞ്ചാരികളുടെ എണ്ണത്തിലും ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകളും തെളിയിക്കുന്നത്. 2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ കുതിപ്പുണ്ടായെന്നാണ് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറയുന്നത്.ഈ വർഷം ആദ്യ ഒമ്പത് മാസത്തിൽ 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇത് 1.33 കോടിയായിരുന്നു. കഴിഞ്ഞകൊല്ലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34 ശതമാനം വളർച്ചയാണ് ഉണ്ടായത്.
25.88 ലക്ഷം സന്ദർശകരാണ് ഇക്കൊല്ലം വർധിച്ചതെന്നാണ് മന്ത്രി പറയുന്നത്.ആഭ്യന്തര സഞ്ചാരികൾ കൂടുതലായി എത്തിയ ജില്ല എറണാകുളമാണ്. 33,18,391 പേരാണ് ഈ വർഷം സെപ്റ്റംബർ വരെ ജില്ലയിലേക്കെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇടുക്കിയിൽ 26,61,934 സഞ്ചാരികളുമെത്തി. തിരുവനന്തപുരത്ത് 25,61,787 പേരും തൃശൂർ 18,22,020 പേരും എത്തിയപ്പോൾ വയനാട് സന്ദർശിച്ചത് 12,87,166 ആഭ്യന്തര സഞ്ചാരികളാണ്.ആഭ്യന്തര സഞ്ചാരികൾ എന്ന പോലെ വിദേശസഞ്ചാരികളുടെ വരവിലും കേരളത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 4,47,327 വിദേശ സഞ്ചാരികളാണ് ഇക്കാലയളവിൽ സംസ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം ഇത് 2,06,852 ആയിരുന്നു. വിദേശികളുടെ കാര്യത്തിൽ 116.25 ശതമാനത്തിന്‍റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
വിദേശസഞ്ചാരികളുടെ വരവിലും എറണാകുളം തന്നെയാണ് മുന്നിൽ 2,04,549 പേരാണ് ആദ്യ ഒമ്പത് മാസത്തിൽ ജില്ലയിലെത്തിയത്. വിദേശ സഞ്ചാരികളുടെ പ്രിയ ഇടങ്ങളിൽ രണ്ടാംസ്ഥാനം തലസ്ഥാന ജില്ലയ്ക്കാണ് 98,179 പേരാണ് തിരുവനന്തപുരത്ത് വന്നത്. ഇടുക്കിയിൽ 68,798 പേരും ആലപ്പുഴയിൽ 19,685 പേരും വന്നപ്പോൾ കോട്ടയം സന്ദർശിച്ചത് 15,112 വിദേശികളാണ്.