World Cup 2023: ടോസ് ന്യൂസിലാന്‍ഡിന്, ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

0
82

ബെംഗളൂരു: ലോകകപ്പിന്റെ സെമി ഫൈനല്‍ യോഗ്യതയ്ക്കു ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസിലാന്‍ഡ് ഇന്നു ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഇരുടീമുകളുടെയും അവസാന ലീഗ് മല്‍സരം കൂടിയാണിത്. ജയിക്കാനായാല്‍ സെമിക്കു തൊട്ടരികിലെത്താന്‍ ന്യൂസിലാന്‍ഡിനു സാധിക്കും. നിലവില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും നാലു വീതം ജയവും തോല്‍വിയുമടക്കം എട്ടു പോയിന്റുമായി നാലാമതാണ് കിവീസ്.എന്നാല്‍ ഇതേ പോയിന്റുമായി പാകിസ്താനും അഫ്ഗാനിസ്താനും തൊട്ടു താഴെ നില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇന്നു ജയത്തില്‍ കുറഞ്ഞതൊന്നും കിവികളെ സഹായിക്കില്ല. മികച്ചമൊരു മാര്‍ജിനില്‍ വിജയിക്കാനായാല്‍ പാക്, അഫ്ഗാന്‍ ടീമുകളുടെ സെമി പ്രതീക്ഷ ഏറെക്കുറെ അവസാനിപ്പിക്കാന്‍ അവര്‍ക്കു കഴിയും.

കാരണം നെറ്റ് റണ്‍റേറ്റില്‍ അവരേക്കാള്‍ മുന്നിലാണ് ന്യൂസിലാന്‍ഡ്.നാലു തുടര്‍ ജയങ്ങളുമായി കുതിക്കുകയായിരുന്ന കിവികള്‍ക്കു അവസാനത്തെ നാലു മല്‍സരങ്ങളിലും ജയിക്കാനായിട്ടില്ല. ഇതാണ് ഇപ്പോള്‍ അവരുടെ സെമി പ്രതീക്ഷകള്‍ തുലാസിലാക്കിയത്. ഇന്ത്യയോടു നാലു വിക്കറ്റിനു തോറ്റ ശേഷം ഓസ്‌ട്രേലിയയോടു അഞ്ചു റണ്‍സിനും സൗത്താഫ്രിക്കയോടു 190 റണ്‍സിനും പാകിസ്താനോടു ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനും കിവികള്‍ പരാജയം സമ്മതിച്ചിരുന്നു.
അതേസമയം, ഇതിനകം സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞ ശ്രീലങ്കയ്ക്കു ഇതു അഭിമാന പോരാട്ടമാണ്. ടൂര്‍ണമെന്റിലെ അവസാന മല്‍സരം ജയിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനാണ് അവരുടെ ശ്രമം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ലങ്ക.

എട്ടു മല്‍സരങ്ങളില്‍ രണ്ടു ജയവും ആറു തോല്‍വിയുമടക്കം നാലു പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്നു ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്താനായാല്‍ ആറു പോയിന്റുമായി ഏഴാം സ്ഥാനത്തേക്കുയരാന്‍ ലങ്കയ്ക്കു കഴിയും.

സാധ്യതാ ഇലവന്‍

ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ടോം ലാതം(വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്.

ശ്രീലങ്ക- പതും നിസങ്ക, കുശല്‍ പെരേര, കുശല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെങ്ക, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡിസില്‍വ, മഹീഷ് തിക്ഷണ, ദുഷ്മന്ത ചമീര, കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here