ന്യൂഡല്‍ഹി: കാര്‍ഗിലിൽ ഇന്ത്യയുടെ യുദ്ധവിജയത്തിന് ഇന്ന് 21 വര്‍ഷം പൂര്‍ത്തിയാകുന്നു. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രാജ്യം ആദരമര്‍പ്പിച്ചു.
ദേശീയ യുദ്ധ സ്മാരകത്തില്‍ സൈനികര്‍ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പുഷ്പചക്രമര്‍പ്പിച്ച് ആദരമര്‍പ്പിച്ചു. പ്രതിരോധ സഹമന്ത്രി ശ്രീപദ് യശ്ശോ നായിക്, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ, നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമസേനാ മേധാവി ആര്.കെ. സിംഗ് ബദൗരിയ എന്നിവരും പുഷ്പചക്രം സമര്‍പ്പിച്ചു.
പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലൈ 26 നാണ് ഇന്ത്യ വിജയം പ്രഖ്യാപിച്ചത്. കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ മുഴുവന്‍ പാക്കിസ്ഥാന് പട്ടാളത്തെയും തുരത്തിയായിരുന്നു ഇന്ത്യന്‍ സൈന്യം വിജയക്കൊടി കുത്തിയത്. 527 സൈനികരാണ് ആ വിജയത്തിനായി ജീവന് ബലിനല്‍കിയത്.